/kalakaumudi/media/media_files/2025/02/10/Mhqoktfny8kV4Y2MnTKB.jpg)
Mahakumbhamela
ലക്‌നൗ: മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ ലക്ഷക്കണക്കിനു തീര്‍ഥാടകര്‍ ഒഴുകിയെത്തിയതോടെ പ്രയാഗ്രാജില്‍ വന്‍ ഗതാഗതക്കുരുക്ക്. ത്രിവേണി സംഗമത്തിലേക്കു എത്താനാകാതെ പലരും വഴിയില്‍ കുടുങ്ങിയതായാണു റിപ്പോര്‍ട്ട്.
ആള്‍ത്തിരക്ക് കൂടിയതിനാല്‍ വെള്ളിയാഴ്ച വരെ പ്രയാഗ്‌രാജ് സംഗം റെയില്‍വേ സ്റ്റേഷന്‍ അടച്ചിട്ടു. ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി.
സംഗം റോഡില്‍ ഒച്ചിഴയും വേഗത്തിലാണു നൂറുകണക്കിനു വാഹനങ്ങള്‍ നീങ്ങുന്നത്. പ്രയാഗ്രാജിലേക്കു പോകുന്നവരുടെ വാഹനനിര 200 മുതല്‍ 300 കിലോമീറ്റര്‍ വരെ നീളമുള്ള ഗതാഗതക്കുരുക്കായെന്നും മുന്നോട്ടു പോകാനാകുന്നില്ലെന്നും മധ്യപ്രദേശിലെ മൈഹര്‍ പൊലീസ് പറഞ്ഞു.
പ്രയാഗ്രാജിലേക്ക് എത്താന്‍ 24 മണിക്കൂറിലേറെ കാത്തുനില്‍ക്കേണ്ടി വന്നെന്നു ഫരീദാബാദില്‍ നിന്നുള്ളവര്‍ പരാതിപ്പെട്ടു. 4 കിലോമീറ്റര്‍ പിന്നിടാന്‍ മണിക്കൂറുകളോളം വേണ്ടിവന്നെന്നു ജയ്പുരില്‍നിന്നുള്ള കുടുംബം പറഞ്ഞു. ക്രമീകരണങ്ങളില്‍ പാളിച്ചയുണ്ടെന്നും പരാതികളുയര്‍ന്നു.
ജനുവരി 13ന് മഹാകുംഭമേള ആരംഭിച്ചതു മുതല്‍ ഇതുവരെ 43 കോടി ഭക്തരാണു സ്‌നാനത്തിനായി എത്തിയത്. രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രമുഖരും സ്‌നാനത്തില്‍ പങ്കെടുത്തു.