23-ാം ദിവസം മഹാരാഷ്ട്രയ്ക്ക് മന്ത്രിമാര്‍; ബിജെപി 19, ശിവസേന 11, എന്‍സിപി 9

ചടങ്ങില്‍ 39 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. 19 പേര്‍ ബിജെപിയില്‍ നിന്നും 11 പേര്‍ ശിവസേന ഷിന്‍ഡെ വിഭാഗത്തില്‍ നിന്നും 9 പേര്‍ എന്‍സിപി വിഭാഗത്തില്‍ നിന്നുമുള്ളവരാണ്

author-image
Punnya
New Update
maharashtra

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, സംസ്ഥാന ബിജെപി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ എന്നിവര്‍ ഇന്നലെ നാഗ്പൂരില്‍ നടന്ന 'സ്വാഗത് റാലി'യില്‍

മുംബൈ: സര്‍ക്കാര്‍ രൂപീകരണത്തിനു പത്തു ദിവസത്തിനു ശേഷം മഹാരാഷ്ട്രയില്‍ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നാഗ്പുരിലെ നിയമസഭാ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ 39 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. 19 പേര്‍ ബിജെപിയില്‍ നിന്നും 11 പേര്‍ ശിവസേന ഷിന്‍ഡെ വിഭാഗത്തില്‍ നിന്നും 9 പേര്‍ എന്‍സിപി വിഭാഗത്തില്‍ നിന്നുമുള്ളവരാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. 33 പേര്‍ക്ക് കാബിനറ്റ് പദവി ലഭിച്ചപ്പോള്‍ ആറു പേര്‍ സഹമന്ത്രിമാരാണ്. രാധാകൃഷ്ണ വിഖെ പാട്ടില്‍, ചന്ദ്രകാന്ത് പാട്ടില്‍, ആശിഷ് ഷെലാര്‍, പങ്കജ് മുണ്ടെ, ഗണേഷ് നായ്ക്, ജയകുമാര്‍ റവല്‍, ശിവേന്ദ്രരാജ ഭോസ്ലെ, അതുല്‍ സാവെ, അശോക് രാമാജി, സഞ്ജയ് സാവ്കരെ, ഗിരീഷ് മഹാജന്‍, മാധുരി മിസല്‍, മേഘ്‌ന ബോര്‍ഡികര്‍ തുടങ്ങിയവരാണ് ബിജെപി മന്ത്രിമാര്‍. ഷിന്‍ഡെ വിഭാഗത്തില്‍നിന്ന് ഉദയ് സാമന്ത്, ഗുലാബ്‌റാവു പാട്ടീല്‍, ദാദാജി ഭൂസെ, സഞ്ജയ് റാത്തോഡ്, സഞ്ജയ് ഷിര്‍സത്ത്, ശംഭുരാജ് ദേശായി, പ്രതാപ് സര്‍നായിക്, പ്രകാശ് അബിത്കര്‍, ആശിഷ് ജയ്സ്വാള്‍, ഭാരത്സേട്ട് ഗോഗാവാലെ, യോഗേഷ് കദം അജിത് പവാറിന്റെ എന്‍സിപിയില്‍ നിന്ന് ഹസന്‍ മുഷ്രിഫ്, ധനഞ്ജയ് മുണ്ടെ, ദത്താത്രേയ്, അദിതി തത്കരെ, മണിക്രാവു , മകരന്ദ് പാട്ടീല്‍, നര്‍ഹരി സിര്‍വാള്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചെയ്തു. തിരഞ്ഞെടുപ്പു ഫലമറിഞ്ഞ് 22 ദിവസം പിന്നിട്ടിട്ടും മന്ത്രിസഭാ വികസനം സാധിക്കാതിരുന്നതു ഭരണപക്ഷത്തിന് നാണക്കേടായി മാറിയിരുന്നു. വന്‍വിജയം നേടിയിട്ടും 10 ദിവസത്തിലേറെ കഴിഞ്ഞാണ് മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസും (ബിജെപി) ഉപമുഖ്യമന്ത്രിമാരായി ഏക്‌നാഥ് ഷിന്‍ഡെയും (ശിവസേന) അജിത് പവാറും (എന്‍സിപി) സത്യപ്രതിജ്ഞ ചെയ്തത്.മുഖ്യമന്ത്രിപദം ലഭിക്കാതിരുന്നതോടെ ആഭ്യന്തരവകുപ്പ് നേടിയെടുക്കാന്‍ ഷിന്‍ഡെ സമ്മര്‍ദം ചെലുത്തിയതാണ് മന്ത്രിമാരുടെ എണ്ണം നിശ്ചയിക്കലും വകുപ്പുവിഭജനവും വൈകാന്‍ ഇടയാക്കിയത്. മന്ത്രിസഭാ വികസനത്തിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കാന്‍ ഫഡ്‌നാവിസും അജിത് പവാറും ഡല്‍ഹിയിലേക്ക് പോയപ്പോഴും ഷിന്‍ഡെ വിട്ടുനിന്നു.57 എംഎല്‍എമാരുള്ള ഷിന്‍ഡെയ്ക്കു 41 എംഎല്‍എമാരുള്ള അജിത് പവാറിനും, മന്ത്രിമാരാകാന്‍ ആഗ്രഹിക്കുന്ന സ്വന്തം പക്ഷക്കാരില്‍ നിന്നു കടുത്ത സമ്മര്‍ദവുമുണ്ടായിരുന്നു. തിങ്കളാഴ്ച മുതല്‍ നാഗ്പുരില്‍ നിയമസഭാ ശീതകാല സമ്മേളനം ആരംഭിക്കും.

 

maharashtra cabinet formation