മഹാരാഷ്ട്ര സംസ്ഥാന തിരഞ്ഞെടുപ്പില്‍ വോട്ടിങ്ങില്‍ പൊരുത്തക്കേടുണ്ടെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിലെ കണക്കുകളും വിവിപാറ്റ് സ്ലിപ്പുകളും തമ്മില്‍ പൊരുത്തക്കേടില്ലെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. മഹാരാഷ്ട്ര സംസ്ഥാന തിരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേടുകള്‍ നടന്നതായി പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണ് ചീഫ് ഇലക്ഷന്‍ ഓഫീസറുടെ വിശദീകരണം.
സുപ്രീംകോടതിയും തിരഞ്ഞെടുപ്പ് കമ്മീഷനും പുറപ്പെടുവിച്ച നിയമങ്ങള്‍ അനുസരിച്ച്, ഓരോ നിയമസഭാ മണ്ഡലത്തിലും തിരഞ്ഞെടുത്ത അഞ്ച് പോളിങ് സ്‌റ്റേഷനുകളുടെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുകയും ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിലെ നമ്പറുകളുമായി പോരുത്തപ്പെടുന്നുണ്ടോ എന്ന് നിര്‍ബന്ധമായും ഉറപ്പുവരുത്തുകയും ചെയ്യണം. ഇത് പ്രകാരം മഹാരാഷ്ട്രയില്‍ വോട്ടെണ്ണല്‍ ദിനമായ നവംബര്‍ 23ന് ഓരോ അസംബ്ലി മണ്ഡലത്തിലെയും തിരഞ്ഞെടുത്ത അഞ്ച് പോളിംഗ് സ്‌റ്റേഷനുകളില്‍ വിവിപാറ്റ് സ്ലിപ്പ് കൗണ്ടിംഗ് നിരീക്ഷകര്‍ക്കും സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികള്‍ക്കും മുന്നില്‍ എണ്ണിയതായി ചീഫ് ഇലക്ഷന്‍ ഓഫീസര്‍ പറഞ്ഞു.
'മഹാരാഷ്ട്രയിലെ 288 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുള്ള 1440 വിവിപാറ്റ് യൂണിറ്റുകളുടെ സ്ലിപ്പ് കൗണ്ട് അതത് കണ്‍ട്രോള്‍ യൂണിറ്റ് ഡാറ്റയുമായി ഒത്തുനോക്കിയിട്ടുണ്ട്. ബന്ധപ്പെട്ട ജില്ലയില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം വിവിപാറ്റ് സ്ലിപ്പ് എണ്ണവും ഇവിഎം കണ്‍ട്രോള്‍ യൂണിറ്റിന്റെ എണ്ണവും തമ്മില്‍ പൊരുത്തക്കേടൊന്നും കണ്ടെത്തിയില്ല സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.
മഹാരാഷ്ട്രയില്‍ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേടുകള്‍ നടന്നെന്ന ആരോപണവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് എത്തിയിരുന്നു. ഇ.വി.എമ്മുകള്‍ തകരാറിലായതിനെക്കുറിച്ച് ഒട്ടേറേ പരാതികള്‍ ലഭിച്ചതായും ബാലറ്റ് പേപ്പറുപയോഗിച്ച് വീണ്ടും തിരഞ്ഞെടുപ്പുനടത്തണമെന്നും ശിവസേന ഉദ്ധവ് വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഇ.വി.എം. ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നതായി എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാറും പറഞ്ഞിരുന്നു.
നേരത്തെ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേട് ആരോപിച്ചുകൊണ്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയിരുന്നു. എല്ലാ രീതിക്കും എന്തെങ്കിലും ന്യൂനതകളുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്. വോട്ടിങ് യന്ത്രങ്ങള്‍ക്കെതിരായ ഏറെ ഹര്‍ജികള്‍ നേരത്തേയും പരിശോധിച്ചിട്ടുണ്ടെന്നും പരാതിക്കാരിലൊരാളായ നന്ദിനി ശര്‍മയോട് ബെഞ്ച് പറഞ്ഞു. പുതിയ ഹര്‍ജികളില്‍ പറയുന്ന വിഷയങ്ങളെല്ലാം നേരത്തേയും സുപ്രീംകോടതി പരിഗണിച്ചതാണെന്നും ജസ്റ്റിസ് ഖന്ന വ്യക്തമാക്കി.
മഹാരാഷ്ട്ര: ഇവിഎമ്മിനെതിരായ ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍
ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിലെ കണക്കുകളും വിവിപാറ്റ് സ്ലിപ്പുകളും തമ്മില്‍ പൊരുത്തക്കേടില്ലെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.
New Update