മഹാരാഷ്ട്രയില്‍ സംഭവിച്ചത്; ബിജെപിക്ക് ഉള്ളതും, കോണ്‍ഗ്രസിന് ഇല്ലാത്തതും!

പ്രവചനങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് വന്‍ വിജയം മഹായുതി നേടിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ തിളക്കം മങ്ങിയതിന്റെ മധുര പ്രതികാരമായി മഹാരാഷ്ട്രയിലെ ബിജെപിയുടെ വിജയം. 

author-image
Rajesh T L
New Update
maharashtra election 2024

ഡല്‍ഹി: മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് ഫലം അമ്പരപ്പിക്കുന്നതാണ്. ഇത്രയും തിളങ്ങുന്ന വിജയം ബിജെപി നേതൃത്വം നല്‍കുന്ന മഹായുതി പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. അപ്രതീക്ഷിത തിരിച്ചടിയുടെ ഞെട്ടലിലാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന അഘാഡി. പ്രവചനങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് വന്‍ വിജയം മഹായുതി നേടിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ തിളക്കം മങ്ങിയതിന്റെ മധുര പ്രതികാരമായി മഹാരാഷ്ട്രയിലെ ബിജെപിയുടെ വിജയം. 

എന്താണ് മഹാരാഷ്ട്രയില്‍ സംഭവിച്ചത്? ജനങ്ങള്‍ എന്തുകൊണ്ടാണ് വീണ്ടും മഹായുതിയെ അധികാരത്തില്‍ എത്തിച്ചത്? വിദഗ്ധര്‍ നല്‍കുന്ന വിശദീകരണങ്ങള്‍ ഇവയൊക്കെയാണ്. 

മോദി പ്രഭാവം തന്നെയാണ് മഹാരാഷ്ട്രയിലെ വിജയത്തിനു കാരണമായി ബിജെപി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ഇതിനെ ചോദ്യം ചെയ്യുന്നരും ഉണ്ട്. ജാര്‍ഖണ്ഡിലെ പരാജയം ഉയര്‍ത്തിയാണ് വിമര്‍ശകര്‍ ഇതിനെ ചോദ്യം ചെയ്യുന്നത്. മോദിയുടെ വ്യക്തിപ്രഭാവം മാത്രം തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പോരെന്ന വാദവും ഇവര്‍ ഉയര്‍ത്തുന്നുണ്ട്. ആര്‍എസ്എസിന്റെ സ്വാധീനവും മഹാരാഷ്ട്രയുടെ മഹാവിജയത്തിനു കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍എസ്എസിന്റെ നിസ്സഹകരമാണ് ബിജെപിക്ക് തിരിച്ചടിയായത് എന്ന വിലയിരുത്തല്‍ വന്നിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് സംഘപരിവാര്‍ സംഘടനകള്‍ സജീവമായതും ബിജെപിക്ക് കരുത്തായി. 

കോണ്‍ഗ്രസിന്റെ കുടുംബവാഴ്ചയ്ക്കും കപടരാഷ്ട്രയത്തിനും എതിരായ വിധിയെഴുത്ത് എന്നാണ് ഫലങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ മോദി പറഞ്ഞത്. ബിജെപിയുടെ വികസന കാഴ്ചപ്പാടിന് അനുകൂലമായ വിധിയെന്നും മോദി അവകാശപ്പെട്ടു. ഇന്ത്യ മുന്നണി ഒരു തട്ടിക്കൂട്ട് സഖ്യമാണെന്ന വിലയിരുത്തല്‍ പൊതുവെയുണ്ട്. കേരളത്തില്‍ വയനാട്ടില്‍ പോലും ഇന്ത്യ മുന്നണിയുടെ ഭാഗമായ രണ്ടു പാര്‍ട്ടികള്‍ മത്സരിച്ചത് മുന്നണിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നുണ്ട്. ബിജെപി എന്ന വന്‍മതിലിനു  പിന്നില്‍ നില്‍ക്കുകയാണ് എന്‍ഡിഎയിലെ മറ്റു പാര്‍ട്ടികള്‍. ഭയം കൊണ്ടാണെങ്കിലും ബിജെപിയുടെ മേല്‍കൈ മറ്റെല്ലാം പാര്‍ട്ടികളും അംഗീകരിക്കുന്നുണ്ട്. ഇന്ത്യ മുന്നണിയുടെ വലിയ പോരായ്മയും ഈ കെട്ടുറപ്പില്ലായ്മയാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് വേണ്ട തിരുത്തലുകള്‍ വരുത്തിയാണ് എന്‍ഡിഎ മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. നാലു മാസത്തിനിടെ മാത്രം ഒരു ലക്ഷം കോടിയുടെ ക്ഷേമ പദ്ധതികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇത് വോട്ടര്‍മാരെ സ്വാധീനിച്ചു എന്നു വേണം കരുതാന്‍. സ്ത്രീകളുടെ അക്കൗണ്ടില്‍ പ്രതിമാസം 1500 രൂപ എത്തുന്ന ലഡ്കി ബഹിന്‍ പദ്ധതി വനിതാ വോട്ടര്‍മാരെ ആകര്‍ഷിച്ചു എന്നാണ് വിലയിരുത്തല്‍. പതിവുപോലെ ഹിന്ദുത്വ അജണ്ടയില്‍ ഊന്നിയ നിലപാടുകളും ഭൂരിപക്ഷത്തിന്റെ വോട്ടുകള്‍ ചോരാതെ നിലനിര്‍ത്താന്‍ എന്‍ഡിഎയെ സഹായിച്ചു. 

ഷിന്‍ഡെ, അജിത് പവാര്‍ വിഭാഗങ്ങള്‍ക്ക് ബിജെപിയുമായി അഭിപ്രായ ഭിന്നതകള്‍ ഉണ്ടായിരുന്നു. എന്നാല്‍, അവയൊക്കെ പൊതുചര്‍ച്ചയായി മാറാതെ പരിഹരിക്കാന്‍ ബിജെപി നേതൃത്വത്തിന് സാധിച്ചു. ഇതെല്ലാം തിരഞ്ഞെടുപ്പ് വിജയത്തെ സ്വാധീനിച്ചു. 

ശക്തമായ നേതൃനിത്വത്തിന്റെ അഭാവം ഇന്ത്യ മുന്നണിക്ക് തിരിച്ചടിയായി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മറാത്താ വോട്ടുകള്‍ ഇന്ത്യ മുന്നണിക്ക് തുണയായി. എന്നാല്‍. ഈ തിരഞ്ഞെടുപ്പില്‍ മറാത്ത വോട്ടുകള്‍ മാത്രമല്ല, മുസ്ലീം, ദളിത് വോട്ടുകളും ചോര്‍ന്നതായാണ് വിലയിരുത്തല്‍. മുഖ്യമന്ത്രി സ്ഥാനത്തിനായി കോണ്‍ഗ്രസും ഉദ്ധവ് താക്കറെ പക്ഷവും ഉണ്ടായ തര്‍ക്കവും മുന്നണിയുടെ കെട്ടുറപ്പിനെ ബാധിച്ചു.

എന്തായാലും ലോക്‌സഭാ തിരഞ്ഞെടുപ്പിനേറ്റ തിരിച്ചടി മറക്കാന്‍ മഹാരാഷ്ട്ര വിജയത്തിലൂടെ ബിജെപിക്ക് സാധിക്കും. ഒപ്പം ഇന്ത്യ മുന്നണിക്ക് വലിയൊരു പാഠം കൂടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. 

 

maharashtra congress INDIA alliance maharashtra assembly election NDA election BJP