കേരളത്തിനെതിരെ വിവാദ പരാമര്‍ശവുമായി മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതേഷ് റാണെ. കേരളം ഒരു മിനി പാകിസ്താന്‍ ആണെന്നും അതിനാലാണ് രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും തിരഞ്ഞെടുപ്പില്‍ അവിടെ വിജയിച്ചതെന്നും നിതേഷ് റാണെ പറഞ്ഞു. ഇത്തരക്കാര്‍ എംപിമാരാകാനാണ് അവര്‍ക്ക് വോട്ട് ചെയ്യുന്നതെന്നും നിതേഷ് റാണെ പറഞ്ഞു.
സംസ്ഥാന ഫിഷറീസ് മന്ത്രിയായ നിതേഷ് റാണ പൂനെ ജില്ലയിലെ പുരന്ദര്‍ താലൂക്കില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 'കേരളം മിനി പാകിസ്താന്‍ ആണ്, അതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയും സഹോദരിയും അവിടെ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നത്, എല്ലാ തീവ്രവാദികളും അവര്‍ക്ക് വോട്ട് ചെയ്യുന്നു, ഇതാണ് സത്യം. -നിതേഷ് റാണെ പറഞ്ഞു.
അതേസമയം പ്രതിപക്ഷമായ മഹാ വികാസ് അഘാഡി നിതേഷ് റാണെയുടെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ചു. പ്രധാനമന്ത്രി മോദി ഒരു ലക്ഷം വോട്ടിന് മാത്രം ജയിച്ചതിനാല്‍ പ്രിയങ്ക ഗാന്ധിയുടെ വന്‍വിജയം അവര്‍ക്ക് ദഹിക്കുന്നില്ലെന്ന് ശിവസേന (യുബിടി) നേതാവ് ആനന്ദ് ദുബെ പറഞ്ഞു.
വിവാദത്തില്‍ കോണ്‍ഗ്രസ് വക്താവ് അതുല്‍ ലോന്ദേ പാട്ടീല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും എതിരെ ആഞ്ഞടിച്ചു. റാണെ മന്ത്രിസഭയുടെ ഭാഗമായി തുടരേണ്ടതിന്റെ ആവശ്യകതയെ അദ്ദേഹം ചോദ്യം ചെയ്യുകയും ചെയ്തു. ഇതുമാത്രമാണ് റാണെയുടെ ജോലിയെന്നും അദ്ദേഹം എഎന്‍ഐയോട് പറഞ്ഞു.