മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തിന് വന്‍ വിജയം. ബിജെപി 127 സീറ്റുകളിലും ഷിന്‍ഡെ സേന 48 സീറ്റുകളിലും ലീഡ് ചെയ്താണ് വീണ്ടും അധികാരം ഉറപ്പിച്ചത്. 288 സീറ്റുകളില്‍ 223 സീറ്റുകള്‍ നേടിയാണ് എന്‍ഡിഎ സഖ്യം വിജയിച്ചത്. എന്തായാലും ആരാവും അടുത്ത മുഖ്യമന്ത്രിയെന്ന ചോദ്യവും ഉയരുന്നുണ്ട്.
നിലവിലെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ മകന്‍ ശ്രീകാന്ത് ഷിന്‍ഡെയുടെ പ്രതികരണം ചര്‍ച്ചയാകുന്നു. വോട്ട് ചെയ്തതിന് നന്ദി പറഞ്ഞ ശ്രീകാന്ത് ഷിന്‍ഡെ, വികസനം മാത്രം മുന്നില്‍ കണ്ടാണ് ഇത്തവണ ജനങ്ങള്‍ വോട്ട് ചെയ്തതെന്ന് പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ ബോധപൂര്‍വം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. അതിനെ തള്ളിക്കളഞ്ഞാണ് ജനങ്ങള്‍ തങ്ങളെ വിജയിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ബാല്‍ താക്കറെയുടെ നയങ്ങള്‍ ആരാണ് ശരിക്കും പിന്തുടരുന്നതെന്ന് തിരിച്ചറിഞ്ഞാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. സര്‍ക്കാര്‍ അവതരിപ്പിച്ച സ്ത്രീകള്‍ക്കുള്ള പ്രതിമാസ സ്‌റ്റൈപ്പന്റ് ലഡ്കി ബെഹന്‍ യോജനയ്ക്ക് സ്ത്രീകള്‍ക്കിടയില്‍ വലിയ പിന്തുണയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയില്‍ ഇത്തവണ കടുത്ത മത്സരമുണ്ടാകുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍,കാര്യമായ ചലനം ഉണ്ടാക്കാന്‍ എതിര്‍ മുന്നണിക്ക് കഴിഞ്ഞില്ല. 288 സീറ്റുകളില്‍ ബി.ജെ.പി സഖ്യം 223 സീറ്റുകള്‍ നേടിയാണ് വന്‍ വിജയത്തിലേക്ക് നീങ്ങിയത്. മറുവശത്ത് പ്രതിപക്ഷ സഖ്യം വെറും 56 സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്.
കേവല ഭൂരിപക്ഷത്തിന് കുറഞ്ഞത് 145 സീറ്റെങ്കിലും നേടേണ്ടതുണ്ട്.ബിജെപി 127 സീറ്റുകളില്‍ മുന്നിലായി,ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ബിജെപിയില്ലാതെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുക പ്രയാസമാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ആരെന്ന ചോദ്യം വീണ്ടും ഉയര്‍ന്നിരിക്കുന്നത്.
2019ല്‍ ബിജെപി-ശിവസേനയും തമ്മില്‍ ഭിന്നതകള്‍ ഉണ്ടായിരുന്നു. ആ തിരഞ്ഞെടുപ്പില്‍ ബിജെപി 105 സീറ്റുകള്‍ നേടിയപ്പോള്‍,ശിവസേന 56 സീറ്റുകള്‍ നേടി. മുഖ്യമന്ത്രി സ്ഥാനം ശിവസേന ആവശ്യപ്പെട്ടെങ്കിലും ബിജെപി സമ്മതിക്കാത്തതിനെ തുടര്‍ന്ന് സഖ്യം പിരിയുകയായിരുന്നു.
തുടര്‍ന്ന് ആദ്യമായി ശിവസേന കോണ്‍ഗ്രസ്-എന്‍സിപിയുമായി കൈകോര്‍ത്തു, അതിനു പിന്നാലെ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
ബി.ജെ.പിക്ക് ഇത്തവണ 100ല്‍ താഴെ സീറ്റുകള്‍ ലഭിച്ചാലും ഷിന്‍ഡെക്ക് മുഖ്യമന്ത്രിയായി തുടരാന്‍ അവസരമുണ്ട്. എന്നാല്‍ ബിജെപി ഒറ്റയ്ക്ക് 127 സീറ്റുകളില്‍ ലീഡ് നേടിയിട്ടുണ്ട്.ഇത് സര്‍ക്കാര്‍ രൂപീകരണം കൂടുതല്‍ എളുപ്പമാക്കുന്നു. ഇതോടെ ഇത്തവണ ബിജെപിയില്‍ നിന്ന് ആരെങ്കിലും മുഖ്യമന്ത്രിയാകുമെന്ന സൂചനയാണ് വരുന്നത്.ബിജെപി കേന്ദ്ര നേതൃത്വവും ഇതേ തീരുമാനത്തിലാണെന്നാണ് സൂചന.
അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യത്തിന് ശ്രീകാന്ത് ഷിന്‍ഡെ പറയുന്നത് ഇങ്ങനെ:ഞങ്ങളുടെ സഖ്യത്തില്‍ ഒരിക്കലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരമുണ്ടായിട്ടില്ല. ഞങ്ങള്‍ ഞങ്ങളുടെ നേട്ടങ്ങളെ അവതരിപ്പിച്ചു കൊണ്ടാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്,അത് വിജയിച്ചു,അടുത്ത മുഖ്യമന്ത്രി ആരാകണമെന് നിങ്ങള്‍ എന്നോട് ചോദിച്ചാല്‍ എന്റെ അച്ഛനെ തന്നെ പറയും.അതേസമയം, മുഖ്യമന്ത്രിയായി തുടരാന്‍ സഖ്യകക്ഷികള്‍ ഒരുമിച്ചായിരിക്കും അന്തിമ തീരുമാനമെടുക്കുക. ശ്രീകാന്ത് ഷിന്‍ഡേ പറയുന്നു.