'അമിത് ഷായുടെ തലവെട്ടി മേശപ്പുറത്ത് വയ്ക്കണം': പരാമര്‍ശത്തില്‍ മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസ്

ബംഗ്ലദേശേില്‍ നിന്ന് പതിനായിരങ്ങള്‍ ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദിയായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തലവെട്ടി മേശപ്പുറത്ത് വയ്ക്കണം എന്നായിരുന്നു മഹുവയുടെ പരാമര്‍ശം.

author-image
Biju
New Update
mahua

റായ്പുര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരെ പൊലീസ് കേസ്. ഛത്തീസ്ഗഡിലെ റായ്പുരിലെ മന പൊലീസ് സ്റ്റേഷനിലാണ് മഹുവയ്ക്ക് എതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. വിവിധ ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും മഹുവയുടെ പരാമര്‍ശത്തിന് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 

പ്രദേശവാസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.  ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 196 (മതം, വംശം, ജനനസ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 197 (ദേശീയോദ്ഗ്രഥനത്തിനു ദോഷകരമായ ആരോപണങ്ങള്‍, അവകാശവാദങ്ങള്‍) എന്നിവ പ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. 

ബംഗ്ലദേശേില്‍ നിന്ന് പതിനായിരങ്ങള്‍ ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദിയായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തലവെട്ടി മേശപ്പുറത്ത് വയ്ക്കണം എന്നായിരുന്നു മഹുവയുടെ പരാമര്‍ശം.

മമതാ ബാനര്‍ജി സര്‍ക്കാര്‍ ബംഗാളിലെ നുഴഞ്ഞുകയറ്റത്തിനു വഴിയൊരുക്കുകയാണെന്ന അമിത് ഷായുടെ വിമര്‍ശനത്തിനായിരുന്നു മഹുവയുടെ മറുപടി. 'ഇന്ത്യയുടെ അതിര്‍ത്തി ഒരാളും സംരക്ഷിക്കുന്നില്ലെങ്കില്‍, നമ്മുടെ അമ്മമാരിലും സഹോദരിമാരിലും കണ്ണുവച്ച് മറ്റൊരു രാജ്യത്ത്‌നിന്നു ദിവസവും പതിനായിരങ്ങള്‍ ഇന്ത്യയിലേക്കു വന്ന് നമ്മുടെ ഭൂമി കവരുന്നുണ്ടെങ്കില്‍ ആദ്യം അമിത് ഷായുടെ തലവെട്ടി മേശപ്പുറത്ത് വയ്ക്കണം' എന്നായിരുന്നു മഹുവ പറഞ്ഞത്. 

അതിര്‍ത്തി സംരക്ഷണ ഉത്തരവാദിത്തം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവാദിത്തമാണെന്നും നുഴഞ്ഞു കയറ്റമുണ്ടെങ്കില്‍ അതിന് തൃണമൂല്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താനാവില്ലെന്നും പറഞ്ഞ ശേഷമായിരുന്നു മഹുവയുടെ വിവാദ പരാമര്‍ശം.

mahua moitra case