/kalakaumudi/media/media_files/2026/01/15/air-iran-2026-01-15-12-24-19.jpg)
ന്യൂഡല്‍ഹി : ഇറാന് മുകളിലൂടെയുള്ള വിമാന സര്‍വീസുകള്‍ വഴിതിരിച്ചു വിടുമെന്ന് അറിയിച്ച് എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും. ഇറാന്‍ വ്യോമപാത ഒഴിവാക്കി മറ്റു മാര്‍ഗങ്ങളിലൂടെ യാത്ര നടത്തുന്നതിനാല്‍ വിമാന സര്‍വീസുകളില്‍ കാലതാമസം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. റൂട്ട് മാറ്റാന്‍ കഴിയാത്ത ചില വിമാനങ്ങള്‍ റദ്ദാക്കുന്നതായും എയര്‍ ഇന്ത്യ അറിയിച്ചു.
ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളെത്തുടര്‍ന്ന് യുഎസുമായുള്ള സംഘര്‍ഷം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇറാന്‍ വ്യോമപാത ഒഴിവാക്കാനാണ് വിമാന കമ്പനികള്‍ തീരുമാനിച്ചിരിക്കുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ ഏതാനും മണിക്കൂറുകള്‍ സമയത്തേക്ക് ഇറാന്‍ തങ്ങളുടെ വ്യോമപാത അടച്ചിടുകയും ചെയ്തിരുന്നു.
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഇപ്പോള്‍ ബദല്‍ റൂട്ടിംഗ് ഉപയോഗിക്കുന്നുണ്ടെന്നും ഇത് കാലതാമസത്തിന് കാരണമായേക്കാമെന്നും സമൂഹമാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ എയര്‍ ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് യാത്രക്കാര്‍ അവരുടെ ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും എയര്‍ലൈനുകള്‍ അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും അപ്രതീക്ഷിതമായ സാഹചര്യങ്ങളെ തുടര്‍ന്നുണ്ടാകുന്ന തടസ്സങ്ങളില്‍ ഖേദിക്കുന്നു എന്നും എയര്‍ ഇന്ത്യ അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
