/kalakaumudi/media/media_files/2V2RsqxZ2GDnJL7z3UcW.jpeg)
ന്യൂഡൽഹി: ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി. ജില്ലാ പോലീസ് മേധാവിമാരെയും മുതിർന്ന പോലീസുകാരെയും സ്ഥലം മാറ്റി. ഭീകരവാദ പ്രവർത്തനങ്ങൾ വർധിച്ചതായി റിപ്പോർട്ടുകൾ വന്ന ജില്ലകളിലെ മേധാവിമാരെയാണ് സ്ഥലമാറ്റിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
മുതിർന്ന ഐപിഎസ് ഓഫീസർ നളിൻ പ്രഭാതിനെ സംസ്ഥാന പോലീസ് സേനയുടെ സ്പെഷ്യൽ ഡയറക്ടർ ജനറലായി നിയമിച്ചതിന് പിന്നാലെയാണ് അഴിച്ചുപണി . ജമ്മു, റംബാൻ, കത്വ, റിയാസി, ഉധംപുർ, ദോഡ, പൂഞ്ച് ജില്ലകളിലും കശ്മീർ താഴ്‌വരയിലെ ഷോപിയാൻ, ഗന്ദർബാൽ എന്നിടങ്ങളിലെ പോലീസ് മേധാവിമാര്‍ക്കാണ് മാറ്റം. ജമ്മു കശ്മീർ പോലീസിൻ്റെ ഇൻ്റലിജൻസ് വിഭാഗത്തിനും പുതിയ മേധാവിയെ നിയമിക്കും.
അതേസമയം, നിലവിലെ ഡിജിപിയായ ആർആർ സ്വെയിനിൻ്റെ കാലാവധി സെപ്റ്റംബർ 30ന് അവസാനിക്കുന്നതോടെ ഒക്ടോബർ ഒന്നിന് നളിൻ പ്രഭാത് ഡിജിപിയായി ചുമതലയേൽക്കുമെന്നാണ് സൂചന. കശ്മീരിലെ തിരഞ്ഞെടുപ്പ് തീയതി വെള്ളിയാഴ്ച മൂന്ന് മണിക്ക് പ്രഖ്യാപിക്കാനിരിക്കെയാണ് പോലീസ് തലപ്പത്തെ ഈ നടപടികൾ.