/kalakaumudi/media/media_files/2025/03/20/VfrjaOLTqOJgcOZAvy1D.jpg)
മുംബൈ: മലാഡ് ഈസ്റ്റ് മലയാളി സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചെറുകഥ മത്സരത്തിൻ്റെ ഫലപ്രഖ്യാപനവും ചർച്ചയും കുരാറിലെ ശ്രീ നാരായണ മന്ദിര സമിതി ഹാളിൽ നടന്നു. സമാജം പ്രസിഡൻ്റ് പി.എ.ജോൺസൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി ശ്രേയസ് രാജേന്ദ്രൻ വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി സംസാരിച്ചു. സദസ്സിലെത്തിയ എല്ലാ കഥാകൃത്തുക്കളെയും ആദരിച്ചു. മത്സരത്തിലേക്ക് ലഭിച്ച എല്ലാ കഥകളുടെയും കഥാസാരം ബി. രാജേന്ദ്രൻ അവതരിപ്പിച്ചു. ചെറുകഥാചർച്ച കഥാകൃത്ത് ഉണ്ണി വാര്യത്ത് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. മത്സരത്തിലേക്ക് ലഭിച്ച മുപ്പത് കഥകളിൽ നിന്നും തിരഞ്ഞെടുത്ത അഞ്ച് കഥകൾ സമ്മാനാർഹമായി. മായാദത്ത്, ജ്യോതിലക്ഷ്മി നമ്പ്യാർ, തുളസി മണിയാർ, വന്ദന സത്യൻ, സരിത സതീഷ് എന്നിവർ തിരഞ്ഞെടുത്ത അഞ്ചു കഥകൾ വേദിയിൽ വായിച്ചു. മത്സര വിധികർത്താക്കളായ സി.പി. കൃഷ്ണകുമാർ, എം.ജി.അരുൺ, ഗിരിജാവല്ലഭൻ എന്നിവർ കഥകൾ തിരഞ്ഞെടുത്ത രീതിയും കഥകളെക്കുറിച്ചുള്ള അവലോകനവും വിശദമായി വിലയിരുത്തി സംസാരിച്ചു. വിശിഷ്ടാതിഥികളായി എത്തിയ സന്തോഷ് കോലാരത്ത്, മനോജ് മുണ്ടയാട്ട്, സുരേന്ദ്ര ബാബു, കെ.പി. വിനയൻ, ഗോവിന്ദനുണ്ണി, ദിനേശ് പൊതുവാൾ, പി.ഡി. ബാബു, എൽ.എൻ. വേണുഗോപാൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് കഥകളെ വിലയിരുത്തി സംസാരിച്ചു. തുടർന്നു സദസ്സുമായുള്ള സംവാദം നടന്നു. വിജയികളായ കഥാകൃത്തുക്കൾക്ക് കാഷ് അവാർഡും, മൊമൻ്റോയും സമ്മാനിച്ചു. ഹരികൃഷ്ണൻ സത്യൻ നന്ദി പറഞ്ഞു.