ആറ് പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി

ഉത്തരവ് നടപ്പാക്കാനുള്ള പ്രയോഗിക വഴികള്‍ ഹൈക്കോടതി കണ്ടെത്തണം. ആവശ്യമായ ഉത്തരവ് ഹൈക്കോടതിക്ക് പുറപ്പെടുവിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. കോടതിയലക്ഷ്യ ഹര്‍ജികള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് വിട്ടു.

author-image
Biju
New Update
gkuhu

Supreme Court of India

ന്യൂഡല്‍ഹി: ഓര്‍ത്തഡോക്സ് യാക്കോബായ തര്‍ക്കമുള്ള ആറ് പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. പള്ളികള്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറാനുള്ള സുപ്രീംകോടതി വിധി നടപ്പാക്കേണ്ടതാരെന്ന് ഹൈക്കോടതി നിര്‍ണയിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

ഉത്തരവ് നടപ്പാക്കാനുള്ള പ്രയോഗിക വഴികള്‍ ഹൈക്കോടതി കണ്ടെത്തണം. ആവശ്യമായ ഉത്തരവ് ഹൈക്കോടതിക്ക് പുറപ്പെടുവിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. കോടതിയലക്ഷ്യ ഹര്‍ജികള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് വിട്ടു. സംസ്ഥാന സര്‍ക്കാരും യാക്കോബായ സഭയും നല്‍കിയ അപ്പീലിലാണ് നടപടി.

അങ്കമാലി ഭദ്രാസനത്തില്‍പ്പെട്ട പുളിന്താനം, ഓടക്കാലി, മഴുവന്നൂര്‍ പള്ളികള്‍, തൃശൂര്‍ ഭദ്രാസനത്തില്‍പ്പെട്ട മംഗലം ഡാം, എറിക്കിന്‍ചിറ, ചെറുകുന്നം പള്ളികള്‍ എന്നീ പള്ളികള്‍ സംബന്ധിച്ചായിരുന്നു ഉത്തരവ്. പള്ളികള്‍ ഏറ്റെടുത്ത്, താക്കോല്‍ സൂക്ഷിക്കണമെന്ന് എറണാകുളം, പാലക്കാട് ജില്ലാ കലക്ടര്‍മാര്‍ക്കായിരുന്നു ജസ്റ്റിസ് വി.ജി. അരുണ്‍ ഇടക്കാല ഉത്തരവില്‍ നിര്‍ദേശം നല്‍കിയത്. ഈ ഉത്തരവാണ് സുപ്രീംകോടതി ഇപ്പോള്‍ റദ്ദാക്കിയത്.

ജില്ലാ കളക്ടര്‍മാര്‍ പള്ളി ഏറ്റെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവാണ് റദ്ദാക്കിയത്. ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനക്ക് വിട്ടു. എല്ലാ വിഷയങ്ങളും പരിഗണിച്ച് ഹര്‍ജികളില്‍ വീണ്ടും വാദം കേള്‍ക്കാനാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.

ഉത്തരവ് നടപ്പാക്കാനുള്ള പ്രയോഗിക വഴികള്‍ ഹൈക്കോടതി കണ്ടെത്തണം. ആവശ്യമായ ഉത്തരവ് ഹൈക്കോടതിക്ക് പുറപ്പെടുവിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. അതേസമയം, കോടതി ഉത്തരവുകള്‍ പൊലീസ് സഹായത്തോടെ നടപ്പാക്കണമെന്ന് നിര്‍ദേശിക്കാന്‍ കഴിയില്ല.

ഹൈക്കോടതി തീരുമാനം എടുക്കും വരെ ഉദ്യോഗസ്ഥര്‍ക്കുള്ള സംരക്ഷണം തുടരും. മതപരമായ വിഷയത്തില്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള നടപടികള്‍ പൊതുതാല്‍പര്യത്തിന് നിരക്കുന്നതാണോ എന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിശോധിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

 

supreme court of india