'മലയാള ഭാഷാ ബിൽ 2025' പിൻവലിക്കണം ; മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

ബിൽ ഭരണഘടന ഉറപ്പുനൽകുന്ന ഭാഷാപരമായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും നിയമനിർമ്മാണം എത്രയും വേഗം പിൻവലിക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു

author-image
Devina
New Update
siddu

ബംഗളൂരു: കേരളം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന 'മലയാള ഭാഷാ ബിൽ 2025' പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

ബിൽ ഭരണഘടന ഉറപ്പുനൽകുന്ന ഭാഷാപരമായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും നിയമനിർമ്മാണം എത്രയും വേഗം പിൻവലിക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

കേരളത്തിലെ കന്നഡ സംസാരിക്കുന്ന ഭാഷാ ന്യൂനപക്ഷങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ബില്ലിൽ നിന്ന് പിന്മാറണമെന്നാണ് സിദ്ധരാമയ്യയുടെ ആവശ്യം.

 ഭാഷാ ന്യൂനപക്ഷങ്ങളുടെ അടിസ്ഥാന അവകാശങ്ങളെ ഹനിക്കുന്ന നടപടി ഒരു കമ്മ്യൂണിസ്റ്റ് സർക്കാരിൽ നിന്ന് പ്രതീക്ഷിച്ചതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

 ബില്ലിൽ പുനർവിചിന്തനം നടത്തണമെന്ന് ആവശ്യപ്പെട്ട് കർണാടക അതിർത്തി പ്രദേശ വികസന അതോറിറ്റി കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക് നിവേദനം നൽകിയിട്ടുണ്ട്.

 സർക്കാർ-സ്വകാര്യ സ്‌കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ മലയാളം ഒന്നാം ഭാഷയായി ബിൽ നിർബന്ധമാക്കുമ്പോൾ, കന്നഡ സംസാരിക്കുന്നവർ ധാരാളമുള്ള കാസർകോട് കന്നഡ മീഡിയം സ്‌കൂളുകളെ ഇത് ബാധിക്കുമെന്നാണ് കർണാടക സർക്കാർ പറയുന്നത്

.'കേരളത്തിലെ കന്നഡ മീഡിയം സ്‌കൂളുകളിൽ മലയാളം ഒന്നാം ഭാഷയായി പഠിക്കുന്നത് നിർബന്ധമാക്കുന്ന കേരള സർക്കാരിന്റെ നിർദിഷ്ട മലയാള ഭാഷാ ബിൽ-2025, ഭരണഘടന ഉറപ്പുനൽകുന്ന ഭാഷാസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് പറയുന്നതിൽ എനിക്ക് ഖേദമുണ്ട്.

 ഈ നിയമം നടപ്പിലാക്കിയാൽ കേരളത്തിലെ അതിർത്തി ജില്ലകളിൽ, പ്രധാനമായും കാസർകോട് താമസിക്കുന്ന കന്നഡികർക്ക് അവരുടെ മാതൃഭാഷ പഠിക്കാനുള്ള അവസരം നഷ്ടപ്പെടും.

ഭാഷാ ന്യൂനപക്ഷങ്ങളുടെ മൗലികാവകാശങ്ങൾ അടിച്ചമർത്താനുള്ള ഇത്തരം നീക്കം കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിച്ചതല്ല,'- സിദ്ധരാമയ്യ എക്‌സിൽ കുറിച്ചു.