/kalakaumudi/media/media_files/2025/07/27/kanya-2025-07-27-13-40-17.jpg)
ദുര്‍ഗ്: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിക്കാന്‍ ക്രിസ്ത്യന്‍ സംഘടനകള്‍. സിബിസിഐ പത്തരയ്ക്ക് പ്രസ്താവനയിറക്കും. രണ്ട് കന്യാസ്ത്രീകളും അംഗീകൃത സ്ഥാപനങ്ങളുടെ ഭാഗമാണെന്ന് സിബിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.
തീര്‍ത്തും അനാവശ്യമായ കാര്യങ്ങള്‍ ഉന്നയിച്ച് ആവര്‍ത്തിച്ച് മേഖലയില്‍ കന്യാസ്ത്രീകളെ ഉപദ്രവിക്കുകയാണെന്നും സിബിസിഐ വൃത്തങ്ങള്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ കടുത്ത അതൃപ്തി അറിയിക്കും. കേന്ദ്രസര്‍ക്കാറുമായടക്കം നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സഭാ നേതൃത്വം അറിയിച്ചു.
മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഢിലെ ദുര്‍ഗില്‍ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. അസീസി സിസ്റ്റേഴ്‌സ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരെയാണ് കഴിഞ്ഞ ദിവസം ദുര്‍ഗില്‍ വെച്ച് അറസ്റ്റ് ചെയ്തത്.
ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. അറസ്റ്റിലായ കന്യാസ്ത്രീകള്‍ കണ്ണൂര്‍, അങ്കമാലി സ്വദേശികളാണ്.