ആക്രമണത്തിന്റെ ദൃശ്യങ്ങൾ
കോയമ്പത്തൂർ: തമിഴ്നാട്ടിലെ മധുക്കരയിൽ കാർ തടഞ്ഞുനിർത്തി നാലു മലയാളികളെ ആക്രമിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിലായി. ഡിവൈഎസ്പി മുരളിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 5 ആയി.
കേസിൽ ഇനിയും നാലു പേർ കൂടി പിടിയിലാകാനുണ്ട്. ഇവർക്കായുള്ള അന്വേഷണം പൊലീസ് ഊർജിതപ്പെടുത്തിയിട്ടുണ്ട്. പ്രതികൾക്ക് റെന്റ് എ കാർ വ്യവസ്ഥയിൽ കാർ നൽകിയ ഉടമകളെ ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു.
മൂന്നു കാറുകളിലായെത്തിയ മുഖംമൂടി സംഘമാണ് കാർ വഴിയിൽ തടഞ്ഞ് അടിച്ചു തകർത്ത് കവർച്ചയ്ക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച പുലർച്ചെയാണ് എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്‍ലം സിദ്ദിഖും ചാൾസ് റജിയും രണ്ടു സഹപ്രവർത്തകരും ആക്രമണത്തിന് ഇരയായത്. ബെംഗളുരുവിൽ നിന്ന് കമ്പനിയിലേക്കുള്ള കംപ്യുട്ടറുകൾ വാങ്ങി മടങ്ങുകയായിരുന്നു ഇവർ.