/kalakaumudi/media/media_files/2026/01/09/mmta-2026-01-09-16-07-03.jpg)
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഇഡിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ പുതിയ തലത്തിലേക്ക്. രാഷ്ട്രീയ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഐ-പാക്കിന്റെ ഓഫീസില്‍ നടന്ന റെയ്ഡിനിടെ മുഖ്യമന്ത്രി നേരിട്ടെത്തി കേന്ദ്ര ഏജന്‍സിയുടെ പ്രവര്‍ത്തനം തടഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
വ്യാഴാഴ്ച നടന്ന റെയ്ഡിനിടെ നാടകീയ രംഗങ്ങളാണ് കൊല്‍ക്കത്തയില്‍ അരങ്ങേറിയത്. റെയ്ഡിനിടെ ഐ-പാക് ഓഫീസിലെത്തിയ മുഖ്യമന്ത്രി, ഒരു ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയതായി ഇഡി വൃത്തങ്ങള്‍ ആരോപിക്കുന്നു. വെറും മൂന്ന് ഇഡി ഉദ്യോഗസ്ഥരെ നേരിടാന്‍ ഡസന്‍ കണക്കിന് പോലീസുകാരെയും മുഖ്യമന്ത്രിയുടെ ഇസഡ് കാറ്റഗറി സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചതായാണ് വിവരം.
സംഭവസ്ഥലത്തുണ്ടായിരുന്ന പശ്ചിമ ബംഗാള്‍ ഡിജിപി ഇഡി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. റെയ്ഡില്‍ ഒന്നും കണ്ടെത്തിയില്ലെന്ന് രേഖപ്പെടുത്തണമെന്നും അല്ലാത്തപക്ഷം ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുമെന്നും ഡിജിപി മുന്നറിയിപ്പ് നല്‍കിയതായി ഇഡി വൃത്തങ്ങള്‍ പറയുന്നു. ഭീഷണിപ്പെടുത്തി ഔദ്യോഗിക രേഖകളില്‍ മാറ്റം വരുത്തിയതായും സ്വതന്ത്ര സാക്ഷികളെ പോലീസ് ഭയപ്പെടുത്തിയതായും ഇഡി ആരോപിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും പാര്‍ട്ടിയുടെ ആന്തരിക രേഖകളും മോഷ്ടിക്കാനാണ് ഇഡി ശ്രമിച്ചതെന്ന് മമത ബാനര്‍ജി കുറ്റപ്പെടുത്തി. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി യാതൊരു ബന്ധവുമില്ലാത്ത വിവരങ്ങള്‍ കൈക്കലാക്കാനുള്ള കേന്ദ്ര ഏജന്‍സിയുടെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും മമത ആരോപിച്ചു. പാര്‍ട്ടി രേഖകള്‍ തിരിച്ചുപിടിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് മമതയുടെ വിശദീകരണം. രാഷ്ട്രീയ പ്രേരിതമായ നീക്കമാണ് ഇഡി നടത്തുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുമ്പോള്‍, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്ക് നേരെ നടന്ന അതിക്രമങ്ങളില്‍ ശക്തമായി പ്രതിഷേധിക്കുകയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
