കടുവയെ നരഭോജിയായി പ്രഖ്യാപിക്കുന്ന സംസ്ഥാനത്തെ ആദ്യ തീരുമാനമാണിത്

1986ലെ പരിസ്ഥിതി സംരക്ഷണ നിയമം, 2001ലെ കര്‍ഷകരുടെ അവകാശ സംരക്ഷണനിയമം (പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് ആക്ട്), 2002ലെ ജൈവവൈവിധ്യനിയമം, 2006ലെ വനാവകാശനിയമം ഇവയിലൊക്കെയുള്ള വകുപ്പുകള്‍ ഉപയോഗപ്പെടുത്തണം.

author-image
Biju
Updated On
New Update
rtgh

Tiger

മാനന്തവാടി: മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ കടിച്ചുകൊന്ന കടുവയെ ഒടുവില്‍ നരഭോജി കടുവയായി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുകയാണ്. നിര്‍ണായക ഉത്തരവ് പുറത്തിറങ്ങിയതോടെ കടുവയെ വെടിവച്ച് കൊല്ലാനാകുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുകയും ചെയ്തു.

കടുവയെ നരഭോജിയായി പ്രഖ്യാപിക്കുന്ന സംസ്ഥാനത്തെ ആദ്യ തീരുമാനമാണിത്. കടുവാ ആക്രമണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ് നിര്‍ണായക തീരുമാനം. അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. തുടര്‍ച്ചയായ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ചതെന്നും ഇതിനാല്‍ ആളുകളടെ ജീവന് ഭീഷണിയായി മാറിയ കടുവയെ വെടിവച്ച് കൊല്ലാനാകുമെന്നും നിയമ തടസമുണ്ടാകില്ലെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു.

കടുവയെ പിടികൂടാന്‍ നല്ല പ്രവര്‍ത്തനമാണ് നടക്കുന്നത്. എന്നാല്‍, അത് ജനങ്ങളെ തൃപ്തിപ്പെടുത്തുന്നില്ല എന്ന് വന്നപ്പോഴാണ് ഉന്നതതല യോഗം വിളിച്ചത്. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ഉന്നതതല യോഗത്തില്‍ പങ്കെടുത്തു. പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ കടിച്ചുകൊന്ന കടുവ തന്നെയാണ് ഇന്ന് തെരച്ചിലിനിടെ ആര്‍ആര്‍ടി ഉദ്യോഗസ്ഥനായ ജയസൂര്യയെയും ആക്രമിച്ചത്. തുടര്‍ച്ചയായി ആക്രമണം വന്നതിനാല്‍ ആണ് നരഭോജി എന്ന പ്രഖ്യാപനം.  

കാടിനോട് ചേര്‍ന്നുള്ള മേഖലകളിലെ അടിക്കാടുകള്‍ വെട്ടാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. മേഖലയില്‍ നിരീക്ഷണം ശക്തിപ്പെടുത്തും. അഡ്വക്കറ്റ് ജനറല്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് നിയമോപദേശം തേടിയശേഷമാണ് തീരുമാനം. മുഖ്യമന്ത്രിയും തീരുമാനത്തെ പിന്തുണച്ചു. വന്യജീവി ആക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും വനം മന്ത്രി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. വനവുമായി ബന്ധപ്പെട്ട് ഒരു പിന്തുണയും സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നില്ല.

പുതിയ സംഭവ വികാസങ്ങള്‍ കേന്ദ്രത്തെ അറിയിച്ചിട്ടില്ലെന്നും അറിയിച്ചിട്ടും വലിയ കാര്യമില്ലെന്നും എകെ ശശീന്ദ്രന്‍ കുറ്റപ്പെടുത്തി. വിളിച്ചാല്‍ ഒരു ഫോണ്‍ കോള്‍ നഷടം എന്നത് മാത്രമാണ്. എങ്കിലും കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കും. 100 ക്യാമറകള്‍ വയനാട്ടില്‍ പുതിയതായി സ്ഥാപിക്കും. വന്യജീവി ആക്രമണത്തെ പ്രതിരോധിക്കാനും നിരീക്ഷണം ശക്തമാക്കാനും സംസ്ഥാനത്ത് 400 ക്യാമറകള്‍ സ്ഥാപിക്കുമെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു.

എന്നാല്‍ ഇന്ത്യയിലെ വനം വന്യജീവി നിയമപ്രകാരം അത്തരത്തില്‍ ഒരു ജീവിയെ കൊന്നൊടുക്കാന്‍ സാധിക്കുമോ. വിഷയത്തില്‍ പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രഫ. മാധവ് ഗാഡ്ഗിലിന്റെ അഭിപ്രായം ഇങ്ങനെ...

മനുഷ്യന്റെ ജീവനും സ്വത്തിനും നാശമുണ്ടാക്കുന്ന വന്യജീവികളെ കൊന്നുതന്നെ നിയന്ത്രിക്കണം. സ്വീഡന്‍, നോര്‍വേ തുടങ്ങിയ രാജ്യങ്ങള്‍ ഉദാഹരണമായെടുക്കാം. അവിടെ വന്യജീവികളെ മനുഷ്യനു വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന വിഭവമായാണു കരുതുന്നതെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രഫ. മാധവ് ഗാഡ്ഗില്‍ അഭിപ്രായപ്പെടുന്നത്. 
 
ഗാഡ്ഗില്‍ പറയുന്നതനുസരിച്ച് കേരളത്തിലെ വന്യജീവിപ്രശ്‌നത്തിന് ഉടന്‍ ചെയ്യാവുന്നത്, ദീര്‍ഘകാലനടപടി വേണ്ടത് എന്നിങ്ങനെ രണ്ടുതരം പരിഹാരം നിര്‍ദേശിക്കാം. സര്‍ക്കാര്‍ ഉടനടി ചെയ്യേണ്ടതു കാട്ടുപന്നി, മുള്ളന്‍പന്നി, മാന്‍ തുടങ്ങി കൃഷി നശിപ്പിക്കുന്ന ജീവികളെ വെടിവച്ചു കൊല്ലാനുള്ള പൂര്‍ണ അനുമതി കര്‍ഷകര്‍ക്ക് നല്‍കുകയാണ്.

കൊല്ലാന്‍ മാത്രമല്ല, അതിന്റെ മാംസം കഴിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിനുള്ള അനുമതിയും നല്‍കണം. കഴിക്കാത്തവര്‍ കഴിക്കുന്നവര്‍ക്ക് സമ്മാനമായി നല്‍കട്ടെ. മാംസം മാത്രമല്ല, മാനിന്റെ തോല്‍, കൊമ്പുകള്‍, കാട്ടുപന്നിയുടെ രോമത്തില്‍നിന്നു നിര്‍മിച്ച ബ്രഷുകള്‍ ഇവയൊക്കെ വിപണിയിലെത്തിച്ചു വരുമാനമുണ്ടാക്കാനും അനുവദിക്കണം. കൃഷിയിടങ്ങളിലെത്തുന്ന കുരങ്ങുകളെയും കൊല്ലണം. പരിഷ്‌കൃത രാജ്യങ്ങളിലെല്ലാം ഇതിന് അനുമതിയുണ്ട്.

മനുഷ്യനെ കൊല്ലുന്ന ആന, കടുവ, കാട്ടുപോത്ത് എന്നിവയെ 24 മണിക്കൂറിനുള്ളില്‍ വെടിവയ്ക്കാനുള്ള ഉത്തരവും സര്‍ക്കാര്‍ നല്‍കണം.

ഭരണഘടനാവിരുദ്ധമായ 1972ലെ വന്യജീവി സംരക്ഷണനിയമം പിന്‍വലിച്ചേ തീരൂ. മനുഷ്യന്റെ ജീവനും സ്വത്തും നശിപ്പിക്കുന്നതു ക്രിമിനല്‍ കുറ്റമാക്കുന്ന ഐപിസി 100,103 വകുപ്പുകളുടെ ലംഘനമാണ് ആ നിയമം. കോടതിയെ സമീപിച്ചു ഭേദഗതി വരുത്താനാകും. ഭരണഘടനയിലെ മനുഷ്യജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള 73,74 ഭേദഗതികള്‍ ഉപയോഗിക്കണം. 1986ലെ പരിസ്ഥിതി സംരക്ഷണ നിയമം, 2001ലെ കര്‍ഷകരുടെ അവകാശ സംരക്ഷണനിയമം (പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് ആക്ട്), 2002ലെ ജൈവവൈവിധ്യനിയമം, 2006ലെ വനാവകാശനിയമം ഇവയിലൊക്കെയുള്ള വകുപ്പുകള്‍ ഉപയോഗപ്പെടുത്തണം.

മധ്യ ഇന്ത്യയിലെ ഗോണ്ട് ഗോത്രവിഭാഗവും വടക്കുകിഴക്കന്‍ മേഖലയിലെ നാഗാ, മിസോ, കുക്കി വിഭാഗങ്ങളും ആന, കാട്ടുപോത്ത്, കുരങ്ങ് തുടങ്ങിയവയുടെ മാംസം കഴിക്കുന്നവരാണ്. കേരളത്തിലും ഇത്തരം മൃഗങ്ങളെ വേട്ടയാടുന്നതും ആഹാരമാക്കുന്നതും ഒരു സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു. വീണ്ടും ആവശ്യമുണ്ടെന്ന് അറിയാവുന്നതിനാല്‍ പൂര്‍ണമായി നശിപ്പിക്കാതെ അവയെ സംരക്ഷിക്കാനും ശ്രമങ്ങളുണ്ടായിരുന്നു. ഇതിനെല്ലാം അനാവശ്യ നിയന്ത്രണം വന്നതോടെയാണ് സ്ഥിതി ഇത്ര മോശമായത്.

വനസമ്പത്തും വിഭവങ്ങളും നഷ്ടപ്പെടുന്നതിനും വന്യജീവികള്‍ കാടിറങ്ങുന്നതിനും മലയോരകര്‍ഷകരെ മാത്രം കുറ്റപ്പെടുത്തുന്ന രീതി ശരിയല്ല. അവിടെ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍, മലനിരകളിലെ ജലമൂറ്റല്‍ തുടങ്ങിയവയുടെ വലിയ ഉപയോക്താവ് തങ്ങള്‍ കൂടിയാണെന്നു നഗരവാസികളും തിരിച്ചറിയണം. അപ്പോള്‍ മാത്രമേ ഇതു നാടിന്റെ മുഴുവന്‍ പ്രശ്‌നമായി തിരിച്ചറിയപ്പെടുകയും ഫലപ്രദമായ ഇടപെടല്‍ ഉണ്ടാവുകയും ചെയ്യൂ.

(പ്രഫ. മാധവ് ഗാഡ്ഗിലിന്റെ അഭിപ്രായം ലൂക്കാ വെബ്‌സൈറ്റില്‍ പങ്കുവച്ചത്)

 

 

 

wayanad