/kalakaumudi/media/media_files/2025/09/13/modi-2025-09-13-14-34-49.jpg)
'
ഇംഫാൽ: മണിപ്പൂരിലെ കുന്നുകൾ കഠിനാധ്വാനത്തിന്റെ പ്രതീകമാണെന്നും ഭൂമി സാഹസികതയുടേതാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ന് 12 മണിയോടെ മണിപ്പൂരിലെത്തിയ മോദി റോഡ് മാർഗമാണ് ചുരാചന്ദ്പൂരിൽ എത്തിയത്.
മഴ കാരണം ഹെലികോപ്റ്റർ യാത്ര ഒഴിവാക്കി. ചുരാചന്ദ്പൂരിൽ എത്തിയ മോദി കുട്ടികളുമായി സംസാരിച്ചു. കലാപത്തിന് ശേഷം ആദ്യമായിട്ടാണ് മോദി മണിപ്പൂരിലെത്തുന്നത്. 120 സ്കൂളുകളുടെയും കോളെജുകളുടെയും സ്പോർട്സ് കോംപ്ളക്സിൻറെയും നിർമ്മാണ ഉദ്ഘാടനവും വിവിധ പദ്ധതികളുടെയും ഉദ്ഘാടനം നിർവഹിച്ചു. ത്രിവർണ്ണ പതാക കൈയിലേന്തി ആയിരങ്ങളാണ് റോഡ് മാർഗമെത്തിയ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തത്.
മണിപ്പൂരിൻറെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് മുൻഗണന നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. 7000 കോടിയുടെ പദ്ധതി വലിയ വികസനമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇംഫാലിനെ ദേശീയ റെയിൽവേ പാതയുമായി ബന്ധിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കും. മണിപ്പൂരിലെ ഈ മണ്ണ് അക്രമത്തിൻറെ പിടിയിലായത് പലരെയും ബാധിച്ചു. ക്യാംപിലുള്ളവരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സമാധാനം പുനഃസ്ഥാപിക്കുമെന്ന ഉത്തമ പ്രതീക്ഷയുണ്ട്.
സമാധാനത്തിൻറെ പാതയിലേക്ക് വരാൻ അഭ്യർത്ഥിച്ച പ്രധാനമന്ത്രി, താൻ ഒപ്പമുണ്ടെന്നും കൂട്ടിച്ചേർത്തു. 7000 പുതിയ വീടുകൾ പലായനം ചെയ്തവർക്ക് നിർമ്മിക്കും. 500 കോടി ഇവർക്കായി മാറ്റിവെച്ച് പ്രത്യേക പാക്കേജ് നടപ്പാക്കും. എല്ലാ സമുദയങ്ങളുമായും സമാധാനത്തിനായി ചർച്ചകൾ തുടങ്ങിയതിൽ സന്തോഷമുണ്ട്. യുവാക്കളുടെ ആശങ്ക പരിഹരിക്കാനും വികസനത്തിനും നടപടി ഉണ്ടാകുമെന്നും മോദി പറഞ്ഞു.
കേന്ദ്ര സർക്കാർ മണിപ്പൂരിലെ ജനങ്ങളുടെ കൂടെയുണ്ടെന്നും പലായനം ചെയ്യപ്പെട്ടവർക്ക് സഹായം ഉറപ്പാക്കുമെന്നും മോദി ഉറപ്പ് നൽകി.