മണിപ്പൂര്‍: സ്ഥിതി വിവര കണക്കുകള്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി

മണിപ്പൂര്‍ വിഷയവുമായി ബന്ധപ്പെട്ട പൊതു താല്‍പ്പര്യ ഹര്‍ജി പരിഗണിക്കുമ്പോള്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം

author-image
Prana
New Update
force manipur

മണിപ്പൂര്‍ കലാപത്തില്‍ നശിപ്പിക്കപ്പെട്ട സ്വത്തുക്കളുടെ സ്ഥിതി വിവര കണക്കുകള്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി. കലാപത്തില്‍ കത്തിച്ചതും കൊള്ളയടിച്ചതുമായ സ്വത്തുക്കളുടെ വിവരങ്ങളടക്കം നല്‍കാനാണ് മണിപ്പൂര്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചത്.മണിപ്പൂര്‍ വിഷയവുമായി ബന്ധപ്പെട്ട പൊതു താല്‍പ്പര്യ ഹര്‍ജി പരിഗണിക്കുമ്പോള്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം.
സമീപ കാലത്തുണ്ടായ കലാപത്തില്‍ അഗ്നിക്കിരയായ വീടുകള്‍, കൊള്ളയടിക്കപ്പെട്ട സാധന സാമഗ്രികള്‍ തുടങ്ങിയവയുടെ വിവരങ്ങള്‍ മുദ്ര വെച്ച കവറില്‍ സമര്‍പ്പിക്കാനാണ് മണിപ്പൂര്‍ സംസ്ഥാനത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ബഞ്ച് ആവശ്യപ്പെട്ടിട്ടുള്ളത്.
വിവിധ കേസുകളിലെ പ്രതികള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാനും സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. അക്രമം തടയുന്നതിനും ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുക്കുന്നതിനുമാണ് സംസ്ഥാനത്തിന്റെ പ്രഥമ പരിഗണനയെന്നും വിശദാംശങ്ങള്‍ ഫയല്‍ ചെയ്യാമെന്നും തുഷാര്‍ മേത്ത പറഞ്ഞു.
ജനുവരി 20 ന് കേസ് വീണ്ടും പരിഗണിക്കും. നേരത്തെ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് ഗീത മിത്തലിന്റെ അധ്യക്ഷതയിലുള്ള സമിതി സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.കലാപവുമായി ബന്ധപ്പെട്ട് 34 ഓളം വിവിധ റിപ്പോര്‍ട്ടുകള്‍ സമിതി നല്‍കിയതായാണ് സമിതി അഭിഭാഷക വിഭ മഹിജ അറിയിച്ചത്. പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിന് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആഭ്യന്തര മന്ത്രാലയത്തിനും സംസ്ഥാന സര്‍ക്കാരിനും നല്‍കാനും കോടതി നിര്‍ദേശിച്ചു

 

manipur