സുപ്രധാനമായ ഒട്ടേറെ നിയമനിര്‍മാണങ്ങള്‍ മന്‍മോഹന്‍ സിംഗിന്റെ കാലത്ത് ഉണ്ടായിട്ടുണ്ട്. വിവരാവകാശ നിയമമാണ് അതില്‍ എടുത്തുപറയേണ്ട ഒന്ന്. അതൊരു വിപ്ലവകരമായ നിയമനിര്‍മാണം തന്നെയായിരുന്നു. ജനങ്ങളുടെ അറിയാനുള്ള അവകാശം നിയമമാക്കിയതിലൂടെ പൊതുരംഗത്തുണ്ടായ സുതാര്യത ചെറുതല്ല. സര്‍ക്കാറിന്/ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഒന്നും ജനങ്ങളില്‍ നിന്ന് മറച്ചുവെക്കാനാകില്ലെന്ന നില വന്നു. ലോക്പാല്‍, ലോകായുക്ത ആക്ട് ആയിരുന്നു ശ്രദ്ധേയമായ മറ്റൊരു നിയമനിര്‍മാണം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ അവിദഗ്ധ തൊഴിലാളികള്‍ക്ക് ജീവസന്ധാരണത്തിനുള്ള വഴി തുറന്നുകൊടുത്തതും അദ്ദേഹത്തിന്റെ ഭരണകാലത്തായിരുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്നാക്ക ജാതിക്കാര്‍ക്കായി 27 ശതമാനം സംവരണം ഉറപ്പാക്കിക്കൊണ്ട് സാമൂഹിക നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളോടും അദ്ദേഹത്തിന്റെ സര്‍ക്കാര്‍ ഐക്യപ്പെട്ടു.കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായുള്ള വിദ്യാഭ്യാസ അവകാശം നല്‍കുന്ന നിയമം പാര്‍ലമെന്റ് പാസാക്കിയത് 2009-ലാണ്. 2010-ലാണ് നിയമം നിലവില്‍ വന്നത്. ഇതോടെ വിദ്യാഭ്യാസം കുട്ടികളുടെ മൗലിക അവകാശമായി കണക്കാക്കുന്ന ലോകത്തിലെ 135 രാജ്യങ്ങളിലൊന്നായി ഇന്ത്യയും മാറി. ഇന്തോ - അമേരിക്ക ആണവ കരാര്‍, ആധാറിന്റെ ആശയം അവതരിപ്പിച്ചതുമെല്ലാം മന്‍മോഹന്‍ സിങ്ങ് സര്‍ക്കാരിന്റെ സുപ്രധാന നീക്കങ്ങളില്‍ ഉള്‍പ്പെടുന്നു.
ഇന്തോ - അമേരിക്ക ആണവ കരാറിലായിരുന്നു മന്‍മോഹന്‍ സിങ് വലിയ രാഷ്ട്രീയ പരീക്ഷണം നേരിടേണ്ടി വന്നത്. ഒന്നാം മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്താണ് ആണവ കരാറിന്റെ തുടക്കം. 2005-ല്‍ മന്‍മോഹന്‍ സിങ്ങും അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷും ചേര്‍ന്ന് ആണവക്കരാറില്‍ ഏര്‍പ്പെടാനുള്ള കരാര്‍ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ രാജ്യത്തെ ചില രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും സാമൂഹിക പ്രവര്‍ത്തകരില്‍നിന്നും വലിയ എതിര്‍പ്പ് മന്‍മോഹന്‍ സര്‍ക്കാരിന് നേരിടേണ്ടി വന്നു. പിന്നാലെ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ച് ഭരണം നിലനിര്‍ത്താന്‍ മന്‍മോഹന്‍ സര്‍ക്കാരിനായി. പിന്നീട് 2009ല്‍ ഇടതു പിന്തുണയില്ലാതെയാണ് മന്‍മോഹന്‍ സിങ് അധികാരത്തിലെത്തിയത്. അധികാരം വിട്ടൊഴിഞ്ഞ ശേഷവും രാജ്യസഭയില്‍ പതിറ്റാണ്ട് കാലം സ്വന്തം നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് അംഗമായി നിലകൊണ്ടു ഡോ. മന്‍മോഹന്‍ സിംഗ്. ചര്‍ച്ചകളിലും നിയമ നിര്‍മാണങ്ങളിലും സജീവമായി ഇടപെട്ടുതന്നെയാണ് അദ്ദേഹം പാര്‍ലമെന്റിലെ കാലാവധി പൂര്‍ത്തിയാക്കിയത്. ഒപ്പം ലോകം കണ്ട മികച്ച സാമ്പത്തിക വിദഗ്ധനായിരുന്നു, ദീര്‍ഘ വീക്ഷണമുള്ള ഭരണാധികാരിയായിരുന്നു. സൗമ്യനാണ്, മൃദുഭാഷിയാണ്. പക്ഷേ പറയുന്ന ഓരോ വാക്കിലും അദ്ദേഹത്തിന് ഉത്തരവാദിത്വമുണ്ടായിരുന്നു. അദ്ദേഹത്തെപ്പോലൊരാള്‍ വിട പറയുമ്പോള്‍ നഷ്ടം ഇന്ത്യന്‍ ജനാധിപത്യത്തിന് തന്നെയാണ്.