/kalakaumudi/media/media_files/2025/05/22/oO4AVRnoflQu6EKr1hN2.png)
ന്യൂഡല്‍ഹി: ഛത്തീസ്ഗഢിലെ ബസ്തര്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഉന്നത മാവോവാദിനേതാവ് ബസവരാജുള്‍പ്പെടെ 27 പേരെ സുരക്ഷാസേന വധിച്ചതില്‍ ശക്തമായി അപലപിച്ച് സിപിഎം പൊളിറ്റ്ബ്യൂറോ. മാവോവാദികള്‍ ആവര്‍ത്തിച്ച് ചര്‍ച്ചകള്‍ക്ക് തയ്യാറായിട്ടും മനുഷ്യത്വരഹിതമായ നയമാണ് കേന്ദ്ര സര്‍ക്കാരും ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഢ് സര്‍ക്കാരും പിന്തുടരുന്നതെന്ന് സിപിഎം കുറ്റപ്പെടുത്തി.
'കേന്ദ്ര ആഭ്യന്തരമന്ത്രി നടത്തിയ പ്രസ്താവനകളും ചര്‍ച്ചകളുടെ ആവശ്യമില്ലെന്ന ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ പ്രസ്താവനയും മനുഷ്യജീവനുകള്‍ എടുക്കുന്നതിനെ ആഘോഷിക്കുന്ന തരത്തിലുള്ള ഒരു ഫാസിസ്റ്റ് മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു. ഇത് ജനാധിപത്യത്തിന് എതിരാണ്' സിപിഎം പോളിറ്റ്ബ്യൂറോ പ്രസ്താവനയിലൂടെ അറിയിച്ചു.
മാവോവാദികളുടെ രാഷ്ട്രീയത്തോട് എതിര്‍പ്പുണ്ടെങ്കിലും ചര്‍ച്ചകള്‍ക്കുള്ള അവരുടെ അഭ്യര്‍ത്ഥന അംഗീകരിക്കുകയും സുരക്ഷാസേനയുടെ നടപടികള്‍ നിര്‍ത്തിവയ്ക്കാനും സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതായി സിപിഎം വ്യക്തമാക്കി.
മാവോവാദികളുമായി കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ ഛത്തീസ്ഗഢ് പോലീസിന്റെ ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡിലെ (ഡിആര്‍ജി) ഉദ്യോഗസ്ഥന്‍ വീരമൃത്യുവരിച്ചിരുന്നു. കൊല്ലപ്പെട്ട നംബാല കേശവറാവു എന്ന ബസവരാജി(60)ന്റെ തലയ്ക്ക് അന്വേഷണ ഏജന്‍സികള്‍ ഒരുകോടി രൂപ വിലയിട്ടിരുന്നു.
നാരായണ്‍പുര്‍ ജില്ലയിലെ അബുജംദ് വനമേഖലയില്‍ ബുധനാഴ്ച രാവിലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. മുതിര്‍ന്ന മാവോവാദിനേതാക്കളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് ഡിആര്‍ജി അംഗങ്ങള്‍ വനമേഖലയില്‍ നടത്തിയ പരിശോധനയ്ക്കിടെ മാവോവാദികള്‍ വെടിയുതിര്‍ത്തു. ഇതോടെ സുരക്ഷാസേന തിരിച്ചടിക്കുകയായിരുന്നു.
ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ബസവരാജ്, നിരോധിതസംഘടനയായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാവോയിസ്റ്റ്)യുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. 1970 മുതല്‍ മാവോവാദപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഇദ്ദേഹത്തെ വര്‍ഷങ്ങളായി വിവിധ ഏജന്‍സികള്‍ അന്വേഷിച്ചുവരുകയായിരുന്നു.