തലയ്ക്ക് 1 കോടി; മാവോയിസ്റ്റ് നേതാവ് ഗണേഷ് ഉയികെയെ ഏറ്റുമുട്ടലില്‍ വധിച്ചു

മാവോയിസ്റ്റ് കേന്ദ്ര റീജിയണല്‍ ബ്യൂറോ അംഗവും, ദക്ഷിണ മേഖലാ ബ്യൂറോയിലെ ഏക അംഗവുമായിരുന്നു ഇയാള്‍ എന്നും പൊലീസ് അറിയിച്ചു. ഒഡീഷ പൊലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും, ഡിസ്ട്രിക്ട് വോളന്ററി ഫോഴ്‌സും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഉയികെയെ വധിച്ചത്

author-image
Biju
New Update
maoist

ന്യൂഡല്‍ഹി: ഒഡീഷയിലെ കാണ്ഡമാല്‍ ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഉന്നത മാവോയിസ്റ്റ് നേതാവ് ഗണേഷ് ഉയികെ (67) അടക്കമുള്ളവര്‍ കൊല്ലപ്പെട്ടുതായി പിടിഐ റിപ്പോര്‍ട്ടു ചെയ്തു. തലയ്ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് സെന്‍ട്രല്‍ കമ്മിറ്റി അംഗമാണ് കൊല്ലപ്പെട്ട ഉയികെ എന്ന് പൊലീസ് സ്ഥിരീകരിച്ചു. 

മാവോയിസ്റ്റ് കേന്ദ്ര റീജിയണല്‍ ബ്യൂറോ അംഗവും, ദക്ഷിണ മേഖലാ ബ്യൂറോയിലെ ഏക അംഗവുമായിരുന്നു ഇയാള്‍ എന്നും പൊലീസ് അറിയിച്ചു. ഒഡീഷ പൊലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും, ഡിസ്ട്രിക്ട് വോളന്ററി ഫോഴ്‌സും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഉയികെയെ വധിച്ചത്. വനമേഖലയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

മഹാരാഷ്ട്ര സ്വദേശിയായ ഉയികെ കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി മാവോയിസ്റ്റ് സംഘടനയില്‍ സജീവമായിരുന്നു. സംഘടനയുടെ നയരൂപീകരണത്തിലും നീക്കങ്ങളിലും പ്രമുഖ പങ്കുവഹിച്ചിരുന്ന ഉയികെയുടെ മരണം പ്രദേശത്തെ മാവോയിസ്റ്റുകള്‍ക്ക് ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയായാണ് സുരക്ഷാ സേന വിലയിരുത്തുന്നത്.

ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് അത്യാധുനിക ആയുധങ്ങളും മാവോയിസ്റ്റ് ലഘുലേഖകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മേഖലയില്‍ കൂടുതല്‍ മാവോയിസ്റ്റുകള്‍ ഒളിവിലുണ്ടെന്ന നിഗമനത്തില്‍ സുരക്ഷാ സേന തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ഒഡീഷ ഡി.ജി.പി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്.

ഗണേഷ് ഉയികെയ്‌ക്കൊപ്പം മാവോയിസ്റ്റ് അഗംങ്ങളായ ഒരു പുരുഷനും രണ്ടു വനിതകളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി പൊവീസ് അറിയിച്ചു. കൊല്ലപ്പെട്ട മറ്റുള്ളവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.