ജാര്‍ഖണ്ഡില്‍ വന്‍ മാവോയിസ്റ്റ് വേട്ട; തലയ്ക്ക് 1 കോടി പ്രഖ്യാപിച്ച നേതാവ് അടക്കം 15 പേരെ വധിച്ചു

ചോട്ടനാഗ്ര പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കുംഭ്ദിഹ് ഗ്രാമത്തിന് സമീപമാണ് വെടിവയ്പ്പ് ആരംഭിച്ചത്. ഏറ്റുമുട്ടലില്‍ ആകെ 15 ഓളം മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി പ്രാഥമിക വിവരങ്ങളുണ്ട്. മരണസംഘ്യ ഇനിയും ഉയരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

author-image
Biju
New Update
maoist

റാഞ്ചി: ജാര്‍ഖണ്ഡിലെ പശ്ചിമ സിംഗ്ഭും ജില്ലയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലില്‍ പ്രമുഖ മാവോയിസ്റ്റ് നേതാവും സി.പി.ഐ (മാവോയിസ്റ്റ്) സെന്‍ട്രല്‍ കമ്മിറ്റി അംഗവുമായ അനല്‍ ദാ എന്ന പതി റാം മാജി അടക്കം ഒമ്പതോളം പേര്‍ കൊല്ലപ്പെട്ടു. സര്‍ക്കാര്‍ തലയ്ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്നയാളാണ് കൊല്ലപ്പെട്ട അനല്‍ ദാ. വ്യാഴാഴ്ച പുലര്‍ച്ചെ സരണ്ട വനമേഖലയിലാണ് സുരക്ഷാ സേനയും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുണ്ടായത്.

ചോട്ടനാഗ്ര പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കുംഭ്ദിഹ് ഗ്രാമത്തിന് സമീപമാണ് വെടിവയ്പ്പ് ആരംഭിച്ചത്. ഏറ്റുമുട്ടലില്‍ ആകെ 15 ഓളം മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി പ്രാഥമിക വിവരങ്ങളുണ്ട്. മരണസംഘ്യ ഇനിയും ഉയരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പുലര്‍ച്ചെ മുതല്‍ വനത്തില്‍ നിന്ന് തുടര്‍ച്ചയായ വെടിയൊച്ചകള്‍ കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. ചൈബാസ പൊലീസും സുരക്ഷാ സേനയും സംയുക്തമായി സരണ്ട വനമേഖലയില്‍ മാവോയിസ്റ്റ് വിരുദ്ധ തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. കുംഭ്ദിഹ് ഗ്രാമത്തിന് സമീപം പതിയിരുന്ന മാവോയിസ്റ്റ് സംഘം സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സേന തിരിച്ചടിച്ചതോടെ ഏറ്റുമുട്ടല്‍ രൂക്ഷമായി.

കൊല്ലപ്പെട്ട അനല്‍ ദാ ജാര്‍ഖണ്ഡിലെ ഏറ്റവും തിരയപ്പെടുന്ന മൂന്ന് മാവോയിസ്റ്റ് നേതാക്കളില്‍ ഒരാളായിരുന്നു. സരണ്ട മേഖലയിലെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ഇയാളായിരുന്നു. ഏറ്റുമുട്ടലില്‍ അനല്‍ ദാ കൊല്ലപ്പെട്ട വിവരം ഐ.ജി (ഓപ്പറേഷന്‍സ്) മൈക്കല്‍ രാജ് സ്ഥിരീകരിച്ചു. അനല്‍ ദായും എട്ട് മുതല്‍ ഒന്‍പത് വരെ കൂടെയുള്ളവരും കൊല്ലപ്പെട്ടതായാണ് നിലവില്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

വനത്തിനുള്ളില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. 2026 മാര്‍ച്ചോടെ രാജ്യത്തെ മാവോയിസ്റ്റ് സാന്നിധ്യം പൂര്‍ണ്ണമായും തുടച്ചുനീക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പായാണ് ഈ ഓപ്പറേഷനെ സുരക്ഷാ സേന വിലയിരുത്തുന്നത്. പ്രദേശം നിലവില്‍ പൂര്‍ണ്ണമായും സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്. കൂടുതല്‍ മാവോയിസ്റ്റുകള്‍ക്കായി വനത്തിനുള്ളില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.