എം എ ബേബി സിപിഎം ജനറല്‍ സെക്രട്ടറി ആകാന്‍ സാദ്ധ്യത

ബേബി ആയാല്‍ ഇഎംഎസിനു ശേഷം ആദ്യമായാകും കേരള ഘടകത്തില്‍ നിന്ന് ഒരാള്‍ ഏറ്റവും ഉയര്‍ന്ന പദവിയില്‍ എത്തുക. മുഹമ്മദ് സലീം അശോക് ധാവ്‌ലെ എന്നിവരുടെ പേരുകളും ചര്‍ച്ചകളില്‍ ഉയര്‍ന്നു. സലീമിന് തല്ക്കാലം ബംഗാളില്‍ നില്ക്കാനാണ് താല്പര്യം.

author-image
Biju
New Update
jjhjh

ന്യൂഡല്‍ഹി: സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി എം.എ. ബേബി എത്താന്‍ സാധ്യത തെളിഞ്ഞു. പിബിയില്‍ തുടരുന്ന നേതാക്കളില്‍ മുതിര്‍ന്ന അംഗത്തെ പരിഗണിക്കാന്‍ കേന്ദ്രനേതൃത്വം ധാരണയിലെത്തിയതോടെയാണിത്. പ്രായപരിധി കഴിഞ്ഞവരെ പരിഗണിക്കേണ്ടതില്ലെന്നാണ് തീരുമാനം. അശോക് ധാവ്‌ലെയുടെ പേര് വടക്കേ ഇന്ത്യന്‍ ഘടകങ്ങള്‍ ഉയര്‍ത്തിയെങ്കിലും കേരള നേതാക്കള്‍ ഇത് അംഗീകരിച്ചില്ല.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് മധുരയില്‍ തുടങ്ങാനിരിക്കെ ജനറല്‍ സെക്രട്ടറി ആരാകും എന്നതിന് ഏതാണ്ട് ഉത്തരമാകുകയാണ്. പ്രായപരിധിയില്‍ ഒന്നോ രണ്ടോ നേതാക്കള്‍ക്ക് ഇളവ് നല്കുന്നത് ആലോചിക്കും എന്ന് പ്രകാശ് കാരാട്ട് തന്നെ സൂചന നല്കിയിരുന്നു. വൃന്ദ കാരാട്ടിന് ഇളവു നല്കിയാല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും പരിഗണിക്കും എന്ന അഭ്യൂഹവും ശക്തമായി.

എന്നാല്‍ പ്രായപരിധി കഴിഞ്ഞവരെ പരിഗണിക്കുന്നത് വലിയ തര്‍ക്കങ്ങളിലേക്ക് നയിച്ചേക്കാം എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. പിണറായി വിജയന് മാത്രം ഇളവും നല്കിയാല്‍ തുടരുന്ന അംഗങ്ങളില്‍ കേന്ദ്ര കമ്മിറ്റിയിലെ സീനിയോറിറ്റി എം.എ. ബേബിക്കാണ്. കേരളഘടകത്തിനും കേന്ദ്രത്തില്‍ കൂടുതല്‍ നേതാക്കള്‍ക്കും ബേബി സ്വീകാര്യനാണ്. ഈ സാഹചര്യത്തിലാണ് ബേബിയുടെ പേര് നിര്‍ദ്ദേശിക്കാനുള്ള ധാരണയിലേക്ക് ചര്‍ച്ചകള്‍ എത്തിയിരിക്കുന്നത്.

ബേബി ആയാല്‍ ഇഎംഎസിനു ശേഷം ആദ്യമായാകും കേരള ഘടകത്തില്‍ നിന്ന് ഒരാള്‍ ഏറ്റവും ഉയര്‍ന്ന പദവിയില്‍ എത്തുക. മുഹമ്മദ് സലീം അശോക് ധാവ്‌ലെ എന്നിവരുടെ പേരുകളും ചര്‍ച്ചകളില്‍ ഉയര്‍ന്നു. സലീമിന് തല്ക്കാലം ബംഗാളില്‍ നില്ക്കാനാണ് താല്പര്യം. മഹാരാഷ്ട്രയിലെ ലോംഗ് മാര്‍ച്ച് അടക്കം നയിച്ച് പാര്‍ട്ടിയില്‍ സ്വീകാര്യത നേടിയ അശോക് ധാവ്‌ലെയോട് എന്നാല്‍ പാര്‍ട്ടിയിലെ പ്രബല വിഭാഗത്തിന് താല്പര്യമില്ല.

ജനറല്‍ സെക്രട്ടറിയാരെന്നതിലെ ആശയക്കുഴപ്പം ഒഴിവാക്കി സമ്മേളനത്തിലേക്ക് കടക്കണം എന്നാണ് നിലവിലെ നേതൃത്വത്തിന്റെ താല്പര്യമെങ്കിലും ഇക്കാര്യത്തില്‍ തര്‍ക്കത്തിനുള്ള സാധ്യത പൂര്‍ണ്ണമായും തള്ളാനാവില്ല.

m a baby