കര്‍ണാടക ബെല്ലാരി സര്‍ക്കാര്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ അമ്മമാരുടെ കൂട്ടമരണം. മൂന്ന് ദിവസത്തിനിടെ അഞ്ച് അമ്മമാരാണ് മരണത്തിന് കീഴടങ്ങിയത്. ഈ ദിവസങ്ങളില്‍ 34 സ്ത്രീകള്‍ പ്രസവിച്ചതില്‍ ഏഴ് പേര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തി. കിഡ്‌നിയിലടക്കം ഗുരുതര മുറിവുകളുണ്ട്. രണ്ട് പേര്‍ അത്യാസന്ന നിലയിലാണ്. സംഭവം വിവാദമായതിന് പിന്നാലെ വിശദമായ അന്വേഷണത്തിന് നാലംഗ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചു.
നവംബര്‍ ഒമ്പത് മുതല്‍ 11 വരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടവരാണ് മരിച്ചത്. മരിച്ച അമ്മമാരൊന്നും അതീവ അപകട സാധ്യതയുള്ള ഗര്‍ഭിണികളുടെ വിഭാഗത്തിലായിരുന്നില്ല. ഇവര്‍ക്കെല്ലാം സിസേറിയനായിരുന്നു നിര്‍ദേശിച്ചിരുന്നത്.റിങേഴ്സ് ലാക്റ്റേറ്റ് എന്ന ഐവി ഫ്ളൂയിഡ് നല്‍കിയ ശേഷമാണ് ഇവര്‍ക്കെല്ലാം ആരോഗ്യ പ്രശ്നങ്ങള്‍ തുടങ്ങിയതെന്നാണ് വിവരം. ഇതോടെ സംസ്ഥാനത്തെ മരുന്ന് സംഭരണ കേന്ദ്രങ്ങളിലെല്ലാം സമഗ്ര അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു.
സോഡിയം ലാക്റ്റേറ്റ് ഇഞ്ചക്ഷനാണ് റിങേഴ്സ് ലാക്റ്റേറ്റ് എന്നത്. രക്തസമ്മര്‍ദം കുറവുള്ള ആളുകള്‍ക്ക് ലക്ട്രോലൈറ്റ് കൗണ്ട് നിലനിര്‍ത്താന്‍ കൊടുക്കുന്ന സാധാരണ ഇഞ്ചക്ഷനാണിത്. അപകട സാധ്യതയുള്ള ഒന്നല്ല ഈ മരുന്ന്.എന്നാല്‍ ബെല്ലാരിയില്‍ വിതരണം ചെയ്തത് ഗുണ നിലവാരമില്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ചവയാണെന്നും ഇതിനാലാണ് ദുരന്തമുണ്ടായത് എന്നുമാണ് നിഗമനം. ബംഗാള്‍ ആസ്ഥാനമായുള്ള പശ്ചിംബംഗ ഫാര്‍മസ്യൂട്ടിക്കല്‍സാണ് മരുന്ന് ഉല്‍പാദിപ്പിച്ച് നല്‍കിയത്.