/kalakaumudi/media/media_files/2025/08/14/ksah-2025-08-14-14-44-41.jpg)
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ മേഘവിസ്‌ഫോടനം. പാഡര്‍ മേഖലയിലെ ചോസിതി ഗ്രാമത്തിലാണ് കനത്ത നാശനഷ്ടമുണ്ടായത്. 33 പേര്‍ മരിച്ചതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തകര്‍ അപകടമേഖലയിലേക്ക് തിരിച്ചിട്ടുണ്ട്. കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കിഷ്ത്വാര്‍ കളക്ടര്‍ പങ്കജ് കുമാര്‍ ശര്‍മയുമായി സംസാരിച്ചതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. ''ചോസിതി മേഖലയില്‍ കാര്യമായ ആള്‍നാശത്തിന് കാരണമായേക്കാവുന്ന കനത്ത മേഘവിസ്‌ഫോടനമുണ്ടായിട്ടുണ്ട്. ഭരണകൂടം രക്ഷാപ്രവര്‍ത്തനം തുടങ്ങി. രക്ഷാപ്രവര്‍ത്തകര്‍ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. നാശനഷ്ടങ്ങളുടെ വിലയിരുത്തലും ആവശ്യമായ രക്ഷാ, മെഡിക്കല്‍ നടപടികള്‍ കൈക്കൊണ്ടു വരികയാണ്. എന്റെ ഓഫിസിലേക്ക് നിരന്തരം വിവരങ്ങളെത്തുന്നു. സാധ്യമായ എല്ലാ സഹായങ്ങളും നല്‍കും.''ജിതേന്ദ്ര സിങ് എക്‌സില്‍ അറിയിച്ചു.
സംഭവത്തെക്കുറിച്ച് അറിഞ്ഞ ഉടന്‍ സിവില്‍, പൊലീസ്, സൈന്യം, ദേശീയസംസ്ഥാന ദുരന്ത പ്രതികരണ സേനകള്‍ എന്നിവര്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ദേശം നല്‍കിയതായി ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു. കിഷ്ത്വാറിലെ മചൈല്‍ മാത തീര്‍ഥാടന കേന്ദ്രത്തിലേക്കുള്ള പാത തുടങ്ങുന്ന പ്രദേശത്താണ് മേഘവിസ്‌ഫോടനവും തുടര്‍ന്ന് മിന്നല്‍ പ്രളയവുമുണ്ടായത്. പ്രദേശത്തുനിന്ന് തീര്‍ഥാടകരെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.