/kalakaumudi/media/media_files/2026/03/01/nagpur-fac-2026-03-01-13-02-09.jpg)
മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരിന് സമീപത്തെ സ്‌ഫോടകവസ്തുക്കൾ നിർമ്മിക്കുന്ന ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ പതിനേഴ് പേർ മരിച്ചു. പതിനെട്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. നാഗ്പൂരിലെ എസ്ബിഎൽ എനർജി ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് സ്‌ഫോടനം ഉണ്ടായത്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തിന്റെ കാരണം അറിവായിട്ടില്ല. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അധികൃതർ പറഞ്ഞു. ഇന്ന് പുലർച്ചെ 6-നും 7-നും ഇടയിലാണ് അപകടമുണ്ടായത്. ഖനനത്തിന് ആവശ്യമായ സ്‌ഫോടകവസ്തുക്കളുമാണ് ഇവിടെ നിർമ്മിക്കുന്നത്. രാവിലെ തൊഴിലാളികൾ ജോലി തുടങ്ങിയതിന് പിന്നാലെയാണ് വലിയ സ്‌ഫോടനമുണ്ടായത്.സ്‌ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകളോളം ദൂരത്തിൽ കേൾക്കാമായിരുന്നു. ഇത് ഗ്രാമവാസികൾക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ഫാക്ടറിയുടെ ചില ഭാഗങ്ങൾ തകർന്നു.
അപകടസമയത്ത് മുപ്പതിലേറെ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടായിരുന്നു എന്നാണ് വിവരം. ചില തൊഴിലാളികൾ ഇനിയും ഉള്ളിൽ കുടുങ്ങിക്കിടക്കുന്നതായും വിവരം ഉണ്ട്. വിവരം ലഭിച്ച ഉടൻ തന്നെ പൊലീസ്, അഗ്‌നിശമന സേന, എമർജൻസി സർവീസുകൾ എന്നിവർ സ്ഥലത്തെത്തി. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
