കുട്ടി വേഗത്തില്‍ രോഗമോചിതനാവട്ടെ, അവനേയും കുടുംബത്തേയും കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്- അല്ലു അര്‍ജുന്‍

ചികിത്സയില്‍ കഴിയുന്ന കുട്ടിയെക്കുറിച്ച് ആശങ്കയുണ്ടെന്നും കേസായതിനാലാണ് കുട്ടിയെ സന്ദര്‍ശിക്കാന്‍ പോവാത്തത് എന്നും അല്ലു അര്‍ജുൻ.

author-image
Subi
New Update
arjun

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു ആശുപത്രിയിൽ കഴിയുന്ന കുട്ടിയെ ഓർത്ത് ആശങ്കയുണ്ടെന്ന് അല്ലു അര്‍ജു. അപകടത്തിൽപെട്ട യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ താരത്തിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. ജയില്‍ മോചനത്തിനു ശേഷമുള്ള അല്ലുവിന്റെ വിഡിയോകളെല്ലാം വലിയ രീതിയില്‍ വിവാദങ്ങൾക്കു വഴി വച്ചിരുന്നു. മരിച്ച യുവതിയുടെ മകന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കുമ്പോഴാണ് താരം ആഘോഷിക്കുന്നത് എന്നായിരുന്നു വിമര്‍ശനം. ഇപ്പോള്‍ അതില്‍ മറുപടിയുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

 

ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന കുട്ടിയെക്കുറിച്ച് ആശങ്കയുണ്ടെന്നും കേസായതിനാലാണ് കുട്ടിയെ സന്ദര്‍ശിക്കാന്‍ പോവാത്തത് എന്നുമായിരുന്നു നടന്റെ മറുപടി. ദൗര്‍ഭാഗ്യകരമായ സംഭവത്തേത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീ തേജിനെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്. നിയമനടപടികള്‍ കാരണം കുഞ്ഞിനേയോ കുടുംബത്തേയോ സന്ദര്‍ശിക്കരുത് എന്നാണ് എന്നോട് പറഞ്ഞത്. എന്റെ പ്രാര്‍ഥന എപ്പോഴും അവര്‍ക്കുണ്ടാകും. ആശുപത്രി ചെലവും കുടുംബത്തിന്റെ ആവശ്യങ്ങളുമെല്ലാം ഞാന്‍ ഏറ്റെടുക്കും. കുട്ടി വേഗത്തില്‍ രോഗമോചിതനാവട്ടെ, അവനേയും കുടുംബത്തേയും കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്- അല്ലു അര്‍ജുന്‍ കുറിച്ചു.

 

ഡിസംബര്‍ നാലാം തീയതി രാത്രി 11 മണിയുടെ പ്രീമിയര്‍ ഷോയ്ക്കിടെയായിരുന്നു അപകടമുണ്ടായത്. സിനിമ കാണാനായി അല്ലു അര്‍ജുന്‍ എത്തിയത് അറിഞ്ഞ് ആളുകള്‍ തിക്കിത്തിരക്കിയതാണ് അപകടത്തിന് കാരണമായത്. ദില്‍സുഖ്നഗര്‍ സ്വദേശിനിയായ രേവതി(39) ആണ് മരിച്ചത്. ഇവരുടെ ഒമ്പത് വയസുകാരനായ മകന്‍ ശ്രീതേജ് ബോധരഹിതനാവുകയും ചെയ്തിരുന്നു.സംഭവത്തിൽ കഴിഞ്ഞ ദിവസം അല്ലുവിനെ അറസ്റ്റ് ചെയ്തിരുന്നു

 

pushpa 2 allu arjun