/kalakaumudi/media/media_files/2025/04/15/C0Zu9BjoSYWH3maiCSiY.jpg)
മുംബൈ: ബെല്‍ജിയത്തില്‍ അറസ്റ്റിലായ വിവാദ വ്യവസായി മെഹുല്‍ ചോക്‌സിയുടെ നാടുകടത്തല്‍ വൈകിയേക്കും. അര്‍ബുദ ബാധിതനാണെന്നു ചൂണ്ടിക്കാട്ടി മുംബൈയിലെ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാനാണ് ചോക്‌സിയുടെ നീക്കം. ചികിത്സാ ആവശ്യങ്ങള്‍ക്കായി സ്വിറ്റ്സര്‍ലാന്‍ഡിലേക്കു പോകാനിരിക്കെയാണ് ബെല്‍ജിയം പൊലീസ് മെഹുല്‍ ചോക്‌സിയെ അറസ്റ്റ് ചെയ്തത്.
തുടര്‍നടപടികള്‍ക്കായി ഇ.ഡി, സിബിഐ സംഘങ്ങള്‍ ഉടന്‍ ബെല്‍ജിയത്തിലേക്കു പോകുമെന്നും സൂചനയുണ്ട്. വ്യാജരേഖ നല്‍കി ഇന്ത്യയിലെ ബാങ്കുകളില്‍നിന്ന് 13,500 കോടി രൂപ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ രാജ്യം വിട്ട വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയെ ശനിയാഴ്ചയാണ് ബെല്‍ജിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഏഴു വര്‍ഷത്തിലേറെയായി ഇന്ത്യന്‍ ഏജന്‍സികള്‍ നടത്തിയ പരിശ്രമങ്ങളുടെ ഫലമായായിരുന്നു അറസ്റ്റ്.
അതേസമയം 'യൂറോപ്യന്‍ മനുഷ്യാവകാശ കണ്‍വെന്‍ഷന്‍' നിബന്ധനകള്‍ ബാധകമാകുന്ന രാജ്യമാണ് ബെല്‍ജിയമെന്നും ചോക്‌സിയെ ഇന്ത്യയ്ക്കു കൈമാറുന്നത് മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉയര്‍ത്തുമെന്നുമാണ് ചോക്‌സിയുടെ അഭിഭാഷകര്‍ ആരോപിക്കുന്നത്. ബെല്‍ജിയത്തിലെ നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ബെല്‍ജിയം കോടതി അനുമതി നല്‍കിയാല്‍ മാത്രമേ കൈമാറ്റം നടക്കുകയുള്ളൂവെന്നും അഭിഭാഷകര്‍ പറയുന്നു. ബെല്‍ജിയം കോടതിയുടെ ഉത്തരവിന് വിധേയമായി ബന്ധപ്പെട്ട മന്ത്രാലയം ഉത്തരവ് പുറപ്പെടുവിക്കണമെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
അതിനിടെ, മെഹുല്‍ ചോക്സി മുംബൈയിലെ ഫ്‌ലാറ്റുകളുടെ അറ്റകുറ്റപണികള്‍ക്കായി 63 ലക്ഷം രൂപ നല്‍കാനുണ്ടെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുംബൈയിലെ ആഡംബര മേഖലയായ മലബാര്‍ ഹില്‍സിലെ ഗോകുല്‍ അപ്പാര്‍ട്മെന്റില്‍ മൂന്നു ഫ്‌ലാറ്റുകളാണ് മെഹുല്‍ ചോക്‌സിക്ക് ഉള്ളത്. കഴിഞ്ഞ നാല് വര്‍ഷമായി 63 ലക്ഷം രൂപ, അറ്റകുറ്റപ്പണി ഇനത്തില്‍ കുടിശ്ശികയാണെന്നും മെഹുല്‍ ചോക്സി ഇത് അടച്ചിട്ടില്ലെന്നുമാണ് സൊസൈറ്റി അംഗം പറയുന്നത്.
തട്ടിപ്പ് കേസില്‍ ചോക്‌സി രാജ്യം വിട്ടതോടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഈ ഫ്‌ലാറ്റുകള്‍ കണ്ടുകെട്ടിയിരുന്നു. അറ്റകുറ്റപ്പണികള്‍ നടത്താത്തതു കെട്ടിടത്തിന് ഭീഷണിയാണെന്നാണ് മറ്റു ഫ്‌ലാറ്റ് ഉടമകള്‍ പറയുന്നത്. ഫ്‌ലാറ്റില്‍ വലിയ മരങ്ങള്‍ വളരാന്‍ തുടങ്ങിയെന്നും വേരുകള്‍ പുറത്തേക്ക് വരുന്നത് കെട്ടിടത്തിന്റെ ഉറപ്പിനെ ബാധിക്കുമെന്നുമാണ് ഇവരുടെ ആരോപണം.