/kalakaumudi/media/media_files/2025/12/16/biswas-2025-12-16-18-55-23.jpg)
കൊല്‍ക്കത്ത: സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ലയണല്‍ മെസ്സിയുടെ 'ഗോട്ട് ടൂര്‍' പരിപാടിക്കിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ പശ്ചിമ ബംഗാള്‍ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജി സമര്‍പ്പിച്ചു. സ്വന്തം കൈപ്പടയില്‍ എഴുതി മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നല്‍കിയ രാജി കത്തില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ഉറപ്പാക്കാനാണ് രാജിവെക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മമത ബാനര്‍ജി അരൂപിന്റെ രാജി സ്വീകരിച്ചതായാണ് വിവരം.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ അരൂപ് മമതയുടെ വിശ്വസ്തരില്‍ ഒരാളാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഈ തീരുമാനം ജനങ്ങള്‍ക്കിടയില്‍ തൃണമൂലിന് പിന്തുണയ്ക്ക് വഴി തുറക്കുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്തിന്റെ പ്രതിച്ഛായക്ക് കോട്ടം തട്ടാതെ നോക്കണമെന്നും എല്ലാവരുടെയും മുന്നില്‍ നമ്മുടെ നാടിന്റെ പേര് നശിപ്പിക്കരുതെന്നും ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ശനിയാഴ്ച കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തിയ മെസ്സിയെ കാണികള്‍ക്ക് വ്യക്തമായി കാണാനാകാത്തതിനെച്ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. പരിപാടിയില്‍ പങ്കെടുത്തയുടനെ തന്നെ മെസ്സി വേദി വിട്ടതാണ് പ്രതിഷേധത്തിനിടയാക്കിയത്. മെസ്സിയെ ഒരുനോക്ക് കാണാനായില്ലെന്ന് ആരോപിച്ച് കാണികള്‍ സ്റ്റേഡിയത്തിലെ സീറ്റുകള്‍ തല്ലിത്തകര്‍ക്കുകയും മൈതാനത്ത് കുപ്പികള്‍ എറിയുകയും ചെയ്തു.
ആരാധകരെ അഭിസംബോധന ചെയ്യാതെയാണ് മെസ്സി ഗ്രൗണ്ട് വിട്ടത്. ഇതോടെ പ്രകോപിതരായ കാണികള്‍ കുപ്പി ഉള്‍പ്പെടെ കൈയിലുണ്ടായിരുന്നവ സ്റ്റേഡിയത്തിലേക്ക് എറിയുകയും കസേരകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മോഹന്‍ ബഗാന്‍-ഡയമണ്ട് ഹാര്‍ബര്‍ മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് മെസ്സി സ്റ്റേഡിയത്തിലെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മെസ്സിയെ പിന്തുടരുകയായിരുന്നു. ഇതോടെ അക്ഷമരായ ആരാധകര്‍ പലതവണ മെസ്സിയെ സ്വതന്ത്രനാക്കാന്‍ ആവശ്യപ്പെട്ട് ആര്‍ത്തുവിളിച്ചെങ്കിലും അംഗീകരിച്ചില്ല. സംഘാടകനായ സതാദ്രു ദത്തയും ബംഗാള്‍ മന്ത്രി അരൂപ് ബിശ്വാസും മെസ്സിയുടെ കൂടെയുണ്ടായിരുന്നു. മോശം നടത്തിപ്പുമായി ബന്ധപ്പെട്ട് ദത്തയെ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
