30 ദിവസം തടവിലെങ്കില്‍ മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടപ്പെടും; പുതിയ ബില്ല് ഇന്ന് ലോക്‌സഭയില്‍

5 വര്‍ഷമെങ്കിലും തടവു ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെട്ട കേന്ദ്രമന്ത്രിമാര്‍ 30 ദിവസമെങ്കിലും പൊലീസ് കസ്റ്റഡിയില്‍ തുടരുന്ന സാഹചര്യമുണ്ടായാല്‍ മന്ത്രിയെ നീക്കംചെയ്യാന്‍ പ്രധാനമന്ത്രി രാഷ്ട്രപതിയോടു ശുപാര്‍ശ ചെയ്യണം

author-image
Biju
New Update
qvyddh0h

ന്യൂഡല്‍ഹി: ഗുരുതര കുറ്റകൃത്യങ്ങളുടെ പേരില്‍ പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍ എന്നിവര്‍ 30 ദിവസമെങ്കിലും തടവില്‍ കഴിയേണ്ടി വന്നാല്‍ സ്ഥാനം നഷ്ടപ്പെടും. ഇതിനുള്ള നിര്‍ണായക ഭേദഗതി ബില്ലുകള്‍ കേന്ദ്രസര്‍ക്കാര്‍ ഇന്നു ലോക്‌സഭയില്‍ അവതരിപ്പിക്കും. ഇതിലൊന്നു ഭരണഘടനാ ഭേദഗതി ബില്ലാണ്.

5 വര്‍ഷമെങ്കിലും തടവു ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെട്ട കേന്ദ്രമന്ത്രിമാര്‍ 30 ദിവസമെങ്കിലും പൊലീസ് കസ്റ്റഡിയില്‍ തുടരുന്ന സാഹചര്യമുണ്ടായാല്‍ മന്ത്രിയെ നീക്കംചെയ്യാന്‍ പ്രധാനമന്ത്രി രാഷ്ട്രപതിയോടു ശുപാര്‍ശ ചെയ്യണം. പ്രധാനമന്ത്രി അഥവാ ശുപാര്‍ശ ചെയ്തില്ലെങ്കിലും 31ാം ദിവസം കേന്ദ്രമന്ത്രിയുടെ സ്ഥാനം തനിയെ നഷ്ടപ്പെടും. ഇനി പ്രധാനമന്ത്രിയാണ് അറസ്റ്റിലാകുന്നതെങ്കില്‍ രാജിവയ്ക്കണം. രാജിവച്ചില്ലെങ്കില്‍ 31ാം ദിവസം സ്ഥാനം തനിയെ നഷ്ടമാകും.

സംസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ ഇത്തരത്തില്‍ അറസ്റ്റിലായാല്‍ സ്ഥാനത്തുനിന്നു നീക്കാന്‍ മുഖ്യമന്ത്രി ഗവര്‍ണറോടു ശുപാര്‍ശ ചെയ്യണം. കേന്ദ്രഭരണപ്രദേശമെങ്കില്‍ രാഷ്ട്രപതിക്കാണു ശുപാര്‍ശ നല്‍കേണ്ടത്.

ഇനി മുഖ്യമന്ത്രി തന്നെയാണ് അറസ്റ്റിലാകുന്നതെങ്കില്‍ സ്വയം രാജിവയ്ക്കണം. ഇല്ലെങ്കില്‍ 31ാം ദിവസം പദവി തനിയെ നഷ്ടമാകും. കസ്റ്റഡിയില്‍നിന്നു മോചിപ്പിക്കപ്പെട്ടാല്‍ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും പുനര്‍നിയമിക്കാനും കഴിയും.