മോദിക്ക് ഇന്ന് 75-ാം പിറന്നാൾ; ആശംസകളുമായി ലോക നേതാക്കൾ, നേരിട്ട് വിളിച്ച് ട്രംപ്, യഥാർഥ നേതൃത്വമെന്നാൽ മോദിയെന്ന് അമിത് ഷാ

ലോക നേതാക്കൾ മോദി ആശംസ അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നേരിട്ട് വിളിച്ച് നരേന്ദ്ര മോദിയെ ജന്മദിനത്തിൽ ആശംസ നേര്‍ന്നു. യഥാർഥ നേതൃത്വമെന്നാൽ മോദിയെന്ന് അമിത് ഷാ പ്രശംസിച്ചു.

author-image
Devina
New Update
narendran


ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാൾ. ലോക നേതാക്കൾ മോദി ആശംസ അറിയിച്ചു.

 അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് നേരിട്ട് വിളിച്ച് നരേന്ദ്ര മോദിയെ ജന്മദിനത്തിൽ ആശംസ നേർന്നു. യഥാർഥ നേതൃത്വമെന്നാൽ മോദിയെന്ന് അമിത് ഷാ പ്രശംസിച്ചു. റിട്ടയർമെന്റ് ചർച്ചകൾ മറികടന്ന് പാർട്ടിയിലും സർക്കാരിലും പൂർവാധികം ശക്തിയോടെയാണ് മോദി 75 വയസ് പൂർത്തിയാക്കുന്നത്.

 നിർണായക സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ മോദിയല്ലാതെ മറ്റൊരു നേതാവിനെയും പകരം വയ്ക്കാൻ ബിജെപിക്കില്ല.

 ഗുജറാത്ത് മെഹ്സാന ജില്ലയിലെ വടനഗറിൽ 1950 സപ്തംബർ 17 ന് തുടങ്ങിയ നരേന്ദ്ര ദാമോദർ ദാസ് മോദിയുടെ ജീവിതയാത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ മായ്ക്കാനാകാത്ത ഏടാവുകയാണ്.

 പതിനേഴാം വയസിൽ വീട് വിട്ട് ആർഎസ്എസിലൂടെ തുടങ്ങിയ പൊതുപ്രവർത്തനം, 1987 ൽ മുപ്പത്തിയേഴാം വയസിൽ ഗുജറാത്ത് ബിജെപി ജന സെക്രട്ടറി, 2001ൽ ഗുജറാത്ത് മുഖ്യമന്ത്രി, ഗുജറാത്ത് കലാപത്തിന് ശേഷമുള്ള വിവാദങ്ങൾ നേരിട്ട് 2014 മുതൽ ഇന്ത്യയുടെ പ്രധാനമന്ത്രി.

പടിപടിയായി ഉയർന്ന് നരേന്ദ്ര മോദി ഇന്ന് ലോകത്തെ കരുത്തരായ നേതാക്കളിൽ ഒരാളായി മാറിയിരിക്കുകയാണ്. സംഘപരിവാർ സ്വപ്നം കണ്ട പല ലക്ഷ്യങ്ങളും മോദിക്ക് കീഴിൽ പൂർത്തിയാക്കി.

 രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയതും ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും, വഖഫ് നിയമ ഭേദഗതിയും പല സംസ്ഥാനങ്ങളിലും ഏക സിവിൽ കോഡ് നടപ്പാക്കുന്നതും മോദി ഭരണത്തിന് കീഴിലാണ്.

 അപ്പോഴും ആർഎസ്എസുമായുള്ള മോദിയുടെ ബന്ധമാണ് 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് മുതൽ ചർച്ചയായത്. 75 പിന്നിട്ട നേതാക്കളെ നേരത്തെ മാർഗ്ഗനിർദ്ദേശക മണ്ഡലിലേക്ക് മാറ്റിയ മോദിയോടും ആർഎസ്എസ് റിട്ടയർമെൻ്റിന് നിർദ്ദേശിക്കുമോ എന്നായിരുന്നു അഭ്യൂഹം.

 എന്നാൽ സർസംഘചാലക് മോഹൻ ഭാഗവത് ഈ അഭ്യൂഹം തള്ളി. ഉപരാഷ്ട്രപതി പദത്തിൽ ഒരു ആർഎസ്എസുകാരനെ എത്തിച്ചും റിട്ടയർമെൻ്റ് ചർച്ചകൾ മറികടന്നും, അമേരിക്കയുമായുള്ള ഭിന്നത പരിഹരിച്ചും ജന്മദിനത്തിൽ മോദി ഭരണസ്ഥിരത കൂടി ഉറപ്പാക്കുകയാണ്.

ജൂലൈയിൽ ഇന്ദിരാ​ഗാന്ധിയുടെ റെക്കോഡ് മറികടന്ന് രാജ്യ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി അധികാരത്തിലിരുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയെന്ന നേട്ടവും മോദിയുടെ പേരിലായി.

 കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം കരുത്തുകാട്ടിയെങ്കിലും ഹരിയാന, മഹാരാഷ്ട്ര, ദില്ലി സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒറ്റക്ക് നയിച്ച് നേടിയ മിന്നും വിജയങ്ങളിലൂടെ തനിക്ക് എതിരാളികളില്ലെന്ന് മോദിക്ക് തെളിയിക്കാനായി.

 ഓപ്പറേഷൻ സിന്ദൂർ കരുത്തനായ ഭരണാധികാരിയെന്ന പ്രതിച്ഛായ ഉയർത്താൻ മോദിയെ സഹായിച്ചു. കൂട്ടുകക്ഷി സർക്കാരിനെ നയിക്കുക എന്ന വെല്ലുവിളി നേരിടാൻ മോദിക്കായി.

 പുതിയ ആശയങ്ങളും മുദ്രാവാക്യങ്ങളും മുന്നോട്ടു വച്ച് രാഷ്ട്രീയ അജണ്ട കൈയ്യിലെടുക്കാനുള്ള കഴിവ് മോദിയെ വ്യത്യസ്തനാക്കുന്നു. എഴുപത്തഞ്ചാം വയസ്സിൽ താൻ എവിടെയും പോകുന്നില്ല എന്ന സന്ദേശം മോദി നൽകുകയാണ്.

 പാർട്ടിയിൽ മോദിക്ക് പകരം വയ്ക്കാൻ തല്ക്കാലം ഒരു നേതാവ് ഇല്ല. 2029ലും മോദി തന്നെ നയിക്കാനുള്ള സാധ്യതയാണ് എഴുപത്തഞ്ച് വയസ് പൂർത്തിയാകുന്ന ഈ വേളയിലും തെളിയുന്നത്.