മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് തുടക്കമായി

വ്യാപാരം, പ്രതിരോധം, തന്ത്രപരമായ സഹകരണം എന്നിവയിലും ഇരുരാജ്യങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കും.മോദിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയിലെ അജണ്ടയും പ്രധാന ഇടപെടലുകളും വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തമാകും.

author-image
Prana
New Update
trump with modi

മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് തുടക്കമായി. ട്രംപ്- മോദി കൂടികാഴ്ച ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് നിര്‍ണായകമാണ്. താരിഫ് വര്‍ധനയുടേയും കുടിയേറ്റക്കാരായ ഇന്ത്യാക്കാരുടെ നാടുകടത്തലിന്റേയും പശ്ചാത്തലത്തിലാണ് മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം. രൂപയുടെ മൂല്യം വന്‍ തകര്‍ച്ച നേരിടുകയാണ്. വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് 21 ബില്യണ്‍ ഡോളര്‍ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. ഈ വേളയിലെ ട്രംപ്-മോദി കൂടികാഴ്ച നിക്ഷേപകര്‍ ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്.  ട്രംപിന്റെ പരസ്പര താരിഫ് നയമാണ് ഇന്ത്യയ്ക്ക് വലിയ തിരിച്ചടി നല്‍കുകയെന്ന വിലയിരുത്തല്‍ നേരത്തെ തന്നെ വന്നിട്ടുണ്ട്. വ്യാപാര നയങ്ങളില്‍ വ്യക്തത വരുന്നതോടെ ചിത്രം കൂടുതല്‍ തെളിയുമെന്നാണ് കരുതുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും യുഎസ് നിക്ഷേപകര്‍ക്കും മുന്നില്‍ ആകര്‍ഷകമായ നിക്ഷേപ കേന്ദ്രമായി ഇന്ത്യയെ അവതരിപ്പിക്കുക എന്നതാണ് മോദി നേരിടുന്ന പ്രധാന വെല്ലുവിളി. മോദിയുടെ വാഷിംഗ്ടണ്‍ സന്ദര്‍ശനം ഇന്ത്യന്‍ വിപണികള്‍ക്ക് നിര്‍ണായകമാണെന്ന് എം ആന്‍ഡ് ജി ഇന്‍വെസ്റ്റ്‌മെന്റ്‌സ് സിംഗപ്പൂര്‍ പ്രൈവറ്റ് ലിമിറ്റഡിലെ പോര്‍ട്ട്‌ഫോളിയോ മാനേജര്‍ വികാസ് പെര്‍ഷാദ് പറയുന്നു. താരിഫ് നിര്‍ദ്ദേശങ്ങളെക്കുറിച്ചുള്ള വ്യക്തത നിക്ഷേപകരുടെ ആശങ്കകള്‍ ലഘൂകരിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ് നേരത്തെ പ്രതീക്ഷിച്ച ശക്തമായ മുന്നേറ്റമല്ല ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കാഴ്ചവയ്ക്കുന്നത്. അതാണ് വളര്‍ച്ചാ പ്രവചനം കുറച്ചതെന്ന് ജെപി മോര്‍ഗന്‍ അസറ്റ് മാനേജ്‌മെന്റിലെ  ഇയാന്‍ ഹുയിയും വ്യക്തമാക്കി. എങ്കിലും കാര്യങ്ങള്‍ മെച്ചപ്പെടുന്നുണ്ട്. കാര്‍പ്പറേറ്റ് വരുമാനത്തിന്റെ വീണ്ടെടുക്കലിനെ ആശ്രയിച്ചാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം, മോദി - ട്രംപ് കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ഭാവി സഹകരണത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. വ്യാപാരം, പ്രതിരോധം, തന്ത്രപരമായ സഹകരണം എന്നിവയിലും ഇരുരാജ്യങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കും.മോദിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയിലെ അജണ്ടയും പ്രധാന ഇടപെടലുകളും വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തമാകും.

 

modi