/kalakaumudi/media/media_files/2025/10/31/asar-2025-10-31-16-47-55.jpg)
ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍ തെലങ്കാനയില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജിഷ്ണു ദേവ് വര്‍മ സത്യവാചകം ചൊല്ലിക്കൊടുത്തു. രേവന്ത് റെഡ്ഡി മന്ത്രിസഭയിലെ ആദ്യ മുസ്‌ലിം അംഗമാണ് അസ്ഹറുദ്ദീന്‍. തന്നെ മന്ത്രിസഭയില്‍ അംഗമാക്കിയതില്‍ അസ്ഹറുദ്ദീന്‍ എഐസിസിക്കും മുഖ്യമന്ത്രിക്കും നന്ദി പറഞ്ഞു.
രേവന്ത് റെഡ്ഡി അധികാരമേറ്റെടുത്തതിനു ശേഷം ഇതു രണ്ടാം തവണയാണ് മന്ത്രിസഭാ വികസനം നടക്കുന്നത്. ജൂബിലി ഹില്‍സ് നിയമസഭാ മണ്ഡലത്തില്‍ നവംബര്‍ 11 ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസിന്റെ നിര്‍ണായക നീക്കം. മണ്ഡലത്തില്‍ 30% മുസ്‌ലിം വോട്ടര്‍മാരാണുള്ളത്. എന്നാല്‍ ഉപതിരഞ്ഞെടുപ്പുമായി മന്ത്രിസ്ഥാനത്തിന് ബന്ധമില്ലെന്ന് അസ്ഹറുദ്ദീന്‍ പറഞ്ഞു. അതേസമയം, സര്‍ക്കാരിന്റേത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ബിജെപി ആരോപിച്ചു. പുതിയ മന്ത്രിയെ ഉള്‍പ്പെടുത്തിയത് വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനു കാരണമാകുമെന്നും ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്നും ബിജെപി അറിയിച്ചു.
എന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും അസ്ഹറുദ്ദീനെ മന്ത്രിയാക്കിയതിലൂടെ വളരെക്കാലമായി നിലനില്‍ക്കുന്ന ഒരു അസന്തുലിതാവസ്ഥ തിരുത്തുകയാണെന്നും തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാവ് മഹേഷ് ഗൗഡ പറഞ്ഞു. അതേസമയം, ന്യൂനപക്ഷ ക്ഷേമ വകുപ്പോ കായിക വകുപ്പോ ആയിരിക്കാം അസ്ഹറുദ്ദീന് നല്‍കുക എന്നാണ് അഭ്യൂഹം.
അസ്ഹറുദ്ദീന്‍ ഇതുവരെ നിയമസഭയിലോ കൗണ്‍സിലിലോ അംഗമായിട്ടില്ല. നിയമസഭാ കൗണ്‍സിലിലേക്ക് അദ്ദേഹത്തെ നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. എന്നാല്‍ ഗവര്‍ണര്‍ ഇതുവരെ നിര്‍ദേശത്തില്‍ ഒപ്പുവച്ചിട്ടില്ല. മന്ത്രിസ്ഥാനം നിലനിര്‍ത്താന്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ എംഎല്‍സി ആയെങ്കിലും തിരഞ്ഞെടുക്കപ്പെടണം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
