ആര്‍എസ്എസ് ആവശ്യപ്പെട്ടാല്‍ ആ ദിവസം സ്ഥാനമൊഴിയും; പിന്‍ഗാമിയെ തീരുമാനിക്കുന്നതില്‍ ജാതി മാനദണ്ഡമല്ല: മോഹന്‍ ഭാഗവത്

ആര്‍എസ്എസ് മേധാവിയെ തിരഞ്ഞെടുക്കുന്നത് ജാതിയോ സമുദായമോ നോക്കിയല്ല, മറിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിലാണ്. അടുത്ത സര്‍സംഘചാലക് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നാണോ എന്ന് പ്രവചിക്കാനാവില്ല, എന്നാല്‍ അദ്ദേഹം ഒരു ഹിന്ദു ആയിരിക്കും എന്നത് ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു

author-image
Biju
New Update
mohan

മുംബൈ: ആര്‍എസ്എസ് ആവശ്യപ്പെട്ടാല്‍ സര്‍സംഘചാലക് സ്ഥാനത്തുനിന്ന് മാറാന്‍ തയ്യാറാണെന്ന് മോഹന്‍ ഭാഗവത്. മുംബൈയില്‍ ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 75 വയസ്സ് കഴിഞ്ഞാല്‍ ഔദ്യോഗിക പദവികളില്ലാതെ പ്രവര്‍ത്തിക്കുന്നതാണ് ഉചിതമെന്ന് താന്‍ സംഘടനയെ അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍ തുടരാന്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് പദവിയില്‍ തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍എസ്എസ് മേധാവിയെ തിരഞ്ഞെടുക്കുന്നത് ജാതിയോ സമുദായമോ നോക്കിയല്ല, മറിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിലാണ്. അടുത്ത സര്‍സംഘചാലക് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നാണോ എന്ന് പ്രവചിക്കാനാവില്ല, എന്നാല്‍ അദ്ദേഹം ഒരു ഹിന്ദു ആയിരിക്കും എന്നത് ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു. ബ്രാഹ്മണനാകുക എന്നത് മേധാവിയാകാനുള്ള യോഗ്യതയല്ലെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തില്‍ ജാതിവിവേചനം നിലനില്‍ക്കുന്നിടത്തോളം കാലം സംവരണം തുടരണമെന്നാണ് ആര്‍എസ്എസ് നിലപാടെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കി. രണ്ടായിരം വര്‍ഷത്തോളം ഒരു വിഭാഗം വിവേചനം അനുഭവിച്ചിട്ടുണ്ടെങ്കില്‍, അവര്‍ക്ക് ഇരുന്നൂറ് വര്‍ഷം ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.

ഹിന്ദു ജനസംഖ്യ കുറയുന്നതിനെക്കുറിച്ചുള്ള ആശങ്ക പങ്കുവച്ച മോഹന്‍ ഭാഗവത്, ഓരോ കുടുംബത്തിലും മൂന്നു കുട്ടികള്‍ വേണമെന്ന നിര്‍ദ്ദേശവും മുന്നോട്ടുവെച്ചു. ജനസംഖ്യാ കുറവ് പരിഹരിക്കുന്നതിനും കുട്ടികളിലെ സ്വഭാവ രൂപീകരണത്തിനും ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിര്‍ബന്ധിത മതപരിവര്‍ത്തനം ആശങ്കാജനകമാണെന്നും 'ഘര്‍ വാപ്പസി' പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും ഭാഗവത് ആവശ്യപ്പെട്ടു. വലിയ തോതിലുള്ള നുഴഞ്ഞുകയറ്റം കണ്ടെത്താനും അവരെ തിരിച്ചയക്കാനുമുള്ള നടപടികള്‍ ഊര്‍ജിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏകീകൃത സിവില്‍ കോഡിനെ പിന്തുണച്ച അദ്ദേഹം, ഇത് രാജ്യത്തിന്റെ അഖണ്ഡത ഉറപ്പാക്കാന്‍ സഹായിക്കുമെന്നും എന്നാല്‍ മതിയായ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമേ ഇത് നടപ്പിലാക്കാവൂ എന്നും കൂട്ടിച്ചേര്‍ത്തു. വോട്ട് ബാങ്കിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ ജാതി രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുകയാണ്. അഴിമതി സമൂഹത്തിലും സര്‍ക്കാരിലും ഒരു വലിയ പ്രശ്‌നമാണെന്നും മൂല്യാധിഷ്ഠിത വിദ്യാഭ്യാസം വഴി മാത്രമേ ഇതിനെ നേരിടാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

ബിജെപി അധികാരത്തില്‍ വന്നത് ആര്‍എസ്എസിന് നല്ല ദിനങ്ങള്‍ കൊണ്ടുവന്നോ എന്ന ചോദ്യത്തിന്, ആര്‍എസ്എസ് എപ്പോഴും അതിന്റെ പാതയിലാണ് സഞ്ചരിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രാഷ്ട്രീയ പാര്‍ട്ടികളുടെ പാപങ്ങള്‍ ചിലപ്പോള്‍ തങ്ങളെയും ദോഷകരമായി ബാധിക്കാറുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.