മങ്കിപോക്‌സ് രോഗലക്ഷണങ്ങളോടെ ഒരാള്‍ രാജ്യത്ത് ചികിത്സയിലുണ്ടെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം. മങ്കിപോക്‌സ് വ്യാപനമുള്ള ഒരു രാജ്യത്ത് നിന്ന് തിരിച്ചെത്തിയ യുവാവിലാണ് രോഗലക്ഷണങ്ങള്‍ പ്രകടമായത്. യുവാവിനെ ഐസൊലേഷനിലാക്കിയിരിക്കുകയാണെന്നും ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇയാളില്‍ നിന്ന് ശേഖരിച്ച സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും രാജ്യത്തില്ല. രോഗവ്യാപനമുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ പ്രത്യേകം നിരീക്ഷിച്ച് മുന്‍കരുതലുകള്‍ എടുക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം പ്രതികരിച്ചു.
12 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മങ്കിപോക്‌സ് പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് വന്നത് മൂന്നാഴ്ച മുമ്പാണ്. രണ്ട് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് മങ്കിപോക്‌സില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. 1958 ലാണ് ആദ്യമായി മങ്കിപോക്‌സ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
രോഗബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കുരങ്ങനിലായതിനാലാണ് ആ പേരില്‍ രോഗം അറിയപ്പെടുന്നത്. വൈറസ് ബാധിച്ച കുരങ്ങ്, അണ്ണാന്‍, എലി പോലെയുള്ള ജീവികളില്‍ നിന്നാണ് ഈ രോഗം മനുഷ്യരിലേക്ക് പകരുന്നത്. പനി, തലവേദന, ശരീരം വേദന, ശരീരത്തില്‍ കുമിളകള്‍ പൊന്തുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ചിക്കന്‍പോക്‌സിന് സമാനമായ പഴുപ്പും വെള്ളവും നിറഞ്ഞ കുമിളകളാകും ശരീരത്തില്‍ പ്രത്യക്ഷപ്പെടുക. വൈറസ് ബാധിച്ചാല്‍ 5 മുതല്‍ 21 വരെയുള്ള ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പുറത്തുവരും. മൂന്നാഴ്ചയ്ക്കുള്ളില്‍ രോഗം ഭേദമാകാറുണ്ട്.