/kalakaumudi/media/media_files/2026/01/27/mother-2026-01-27-18-50-00.jpg)
ന്യൂഡല്‍ഹി: നീണ്ട കാത്തിരിപ്പിനൊടുവില്‍ 'മദര്‍ ഓഫ് ഓള്‍ ഡീല്‍സ്' എന്ന പെരുമയോടെ ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാരക്കരാര്‍ യാഥാര്‍ഥ്യമായി. ഇന്ത്യയില്‍ നിന്ന് 27-അംഗ യൂറോപ്യന്‍ യൂണിയനിലെത്തുന്ന 99% ഉല്‍പന്നങ്ങളും അടുത്ത 10 വര്‍ഷത്തിനകം പൂര്‍ണമായും തീരുവരഹിതമാകും. അതായത്, നികുതിഭാരമില്ലാതെ 27 യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഇന്ത്യയുടെ ഉല്‍പന്നങ്ങളെത്തും. ഇത് കയറ്റുമതി രംഗത്തെ എതിരാളികള്‍ക്കുമേല്‍ മേല്‍ക്കൈ നേടാനും കൂടുതല്‍ ഓര്‍ഡറുകളും അതുവഴി വരുമാനവര്‍ധനയും നേടാനും ഇന്ത്യന്‍ കമ്പനികളെ സഹായിക്കും.
ഇന്ത്യയുടെ നേട്ടം 99%
ഡീല്‍ പ്രാബല്യത്തില്‍ വരുമ്പോള്‍തന്നെ 90% ഉല്‍പന്നങ്ങളും തീരുവരഹിതമാകും. പിന്നീട് 10 വര്‍ഷത്തിനകമാണ് തീരുവരഹിത ഉല്‍പന്നങ്ങള്‍ 99 ശതമാനത്തിലെത്തുക. 7 വര്‍ഷത്തിനകം ഇത് 90ല്‍ നിന്ന് 93 ശതമാനമാകും. 10-ാം വര്‍ഷം 93ല്‍ നിന്ന് 99 ശതമാനവും.
ഇന്ത്യയുടെ തൊഴിലധിഷ്ഠിതമായ (കൂടുതല്‍പേര്‍ തൊഴിലെടുക്കുന്ന) മേഖലകള്‍ക്കാണ് ഡീല്‍ പുത്തനുണര്‍വാകുക. എംഎസ്എംഇകള്‍ക്ക് അടക്കം ഇതു ഗുണം ചെയ്യും. ഈ മേഖലകളെ ആശ്രയിച്ചുകഴിയുന്ന കുടുംബങ്ങളുടെ വരുമാനവും ജീവിതനിലവാരവും മെച്ചപ്പെടും. ടെക്‌സ്‌റ്റൈല്‍, ലെതര്‍, ഫൂട്‌വെയര്‍, സമുദ്രോല്‍പന്നങ്ങള്‍, ജെം ആന്‍ഡ് ജ്വല്ലറി, കരകൗശലം, എന്‍ജിനിയറിങ് ഉല്‍പന്നങ്ങള്‍, വാഹനം/വാഹനഘടങ്ങള്‍ തുടങ്ങിയ മേഖലകളാണിവ.
സമുദ്രോല്‍പന്നങ്ങള്‍, കെമിക്കല്‍, ലെതര്‍/പാദരക്ഷകള്‍, വസ്ത്രം, റബര്‍, പ്ലാസ്റ്റിക്, ലോഹം, ജെം ആന്‍ഡ് ജ്വല്ലറി തുടങ്ങി ഇയുവിലേക്കുള്ള 33.5 ബില്യന്‍ ഡോളറിന്റെ ഉല്‍പന്നങ്ങളും ഡീല്‍ പ്രാബല്യത്തിലാകുമ്പോള്‍ തന്നെ തീരുവരഹിതമാകും.
യൂറോപ്പിന്റെ നേട്ടം 97%
തിരികെ ഇന്ത്യ 97% യൂറോപ്യന്‍ യൂണിയന്‍ ഉല്‍പന്നങ്ങള്‍ക്കും തീരുവ ഒഴിവാക്കും. 30% ഉല്‍പന്നങ്ങള്‍ക്ക് ഡീല്‍ പ്രാബല്യത്തില്‍ വരുമ്പോള്‍തന്നെ തീരുവ ഒഴിവാകും. 10 വര്‍ഷത്തിനകം ഇത് 93 ശതമാനത്തിലേക്ക് ഉയര്‍ത്തും. ഇതേസമയംതന്നെ, ക്വോട്ട അടിസ്ഥാനത്തില്‍ ചില ഉല്‍പന്നങ്ങളുടെ തീരുവ കുത്തനെ കുറയ്ക്കും. ഇതോടെയാണ്, മൊത്തം 97% യൂറോപ്യന്‍ യൂണിയന്‍ ഉല്‍പന്നങ്ങള്‍ക്ക് തീരുവ ഒഴിവാകുകയോ കുറയുകയോ ചെയ്യുക.
2024-25 പ്രകാരം 136.53 ബില്യന്‍ ഡോളറിന്റേതാണ് ഇന്ത്യ-ഇയു ഉഭയകക്ഷി വ്യാപാരം. ഇന്ത്യയ്ക്കാണ് മേല്‍ക്കൈ. 75.85 ബില്യനും ഇന്ത്യയില്‍ നിന്ന് ഇയുവിലേക്കുള്ള കയറ്റുമതിയാണ്. ഇറക്കുമതി 60.68 ബില്യന്‍. അതായത് ഇന്ത്യയ്ക്ക് 15 ബില്യനോളം വ്യാപാര സര്‍പ്ലസ്. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയുമാണ് യൂറോപ്യന്‍ യൂണിയന്‍.
നേട്ടത്തില്‍ കേരളവും
ഇന്ത്യ-ഇയു വ്യാപാരക്കരാര്‍ മൊത്തം 6.4 ലക്ഷം കോടി രൂപ മതിക്കുന്ന കയറ്റുമതി വരുമാന നേട്ടത്തിനാണ് ഇന്ത്യയ്ക്ക് മുന്നില്‍ വഴിതുറക്കുന്നത്. ഇതില്‍ ഏറ്റവും മുന്‍പന്തിയില്‍ കേരളവുമുണ്ടാകും. ഇന്ത്യന്‍ എംഎസ്എംഇ, വസ്ത്രം, മാനുഫാക്ചറിങ് തുടങ്ങിയ മേഖലകള്‍ക്കും കര്‍ഷകര്‍, പ്രഫഷനലുകള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്കും ഡീല്‍ നേട്ടമാകും. ഡീല്‍ കൂടുതല്‍ നേട്ടമാകുന്ന സംസ്ഥാനങ്ങളും മേഖലകളും ഇവയാണ്:
മഹാരാഷ്ട്ര: വസ്ത്രം, ഇലക്ട്രോണിക്‌സ്, ഔഷധ നിര്‍മാണം, എന്‍ജിനിയറിങ് ഉല്‍പന്നങ്ങള്‍.
ഗുജറാത്ത്: വസ്ത്രം, വജ്രം ഉള്‍പ്പെടെ ജെം ആന്‍ഡ് ജ്വല്ലറി, കെമിക്കല്‍, ഇലക്ട്രോണിക്‌സ്, എന്‍ജിനിയറിങ് ഉല്‍പന്നങ്ങള്‍, സമുദ്രോല്‍പന്നങ്ങള്‍.
തമിഴ്‌നാട്: വസ്ത്രം (തിരുപ്പുര്‍), വെല്ലൂര്‍-അംബൂര്‍ (പാദരക്ഷകള്‍), കോയമ്പത്തൂര്‍, ചെന്നൈ (എന്‍ജിനിയറിങ്, ഇലക്ട്രോണിക്‌സ്).
ബംഗാള്‍: ഡാര്‍ജീലിങ് തേയില, സമുദ്രോല്‍പന്നങ്ങള്‍.
അസം: തേയില, കരകൗശല വസ്തുക്കള്‍, ഫര്‍ണിച്ചര്‍, കാര്‍ഷികോല്‍പന്നങ്ങള്‍, മരുന്ന്.
കര്‍ണാടക: മരുന്ന്, ഇലക്ട്രോണിക്‌സ്.
ആന്ധ്രാപ്രദേശ്: സമുദ്രോല്‍പന്നങ്ങള്‍.
തെലങ്കാന: വസ്ത്രം (കിറ്റെക്‌സ് പ്രധാന ഗുണഭോക്താക്കളിലൊന്നാകും), മരുന്ന്, ഇലക്ട്രോണിക്‌സ്.
കേരളം: സമുദ്രോല്‍പന്നങ്ങള്‍ (കൊച്ചി, ആലപ്പുഴ), സുഗന്ധവ്യഞ്ജനങ്ങള്‍ (ഇടുക്കി, വയനാട്).
പഞ്ചാബ്: കാര്‍ഷികോല്‍പന്നങ്ങള്‍, വസ്ത്രം.
രാജസ്ഥാന്‍: ജെം ആന്‍ഡ് ജ്വല്ലറി, ഫര്‍ണിച്ചര്‍, പാദരക്ഷകള്‍, കരകൗശഴവസ്തുക്കള്‍.
ഉത്തര്‍പ്രദേശ്: ലെതര്‍, ഇലക്ട്രോണിക്‌സ്, ഫര്‍ണിച്ചര്‍.
നിലവില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള വാഹന ഇറക്കുമതിക്കും ഇന്ത്യ ഈടാക്കുന്നത് 110% തീരുവയാണ്. ഇത് ഡീല്‍ പ്രകാരം വെറും 10 ശതമാനത്തിലേക്ക് കുറയും. എന്നാല്‍, പ്രതിവര്‍ഷം 2.50 ലക്ഷം വാഹനങ്ങള്‍ക്ക് മാത്രമേ ഈ ആനുകൂല്യം കിട്ടൂ. ഈ 'ക്വോട്ട' കഴിഞ്ഞാല്‍ തീരുവ 110 ശതമാനമാകും.
മെഴ്‌സിഡീസ്-ബെന്‍സ്, ബിഎംഡബ്ല്യു, ഔഡി, ജാഗ്വര്‍ ലാന്‍ഡ് റോവര്‍, റോള്‍സ്-റോയ്‌സ്, ആസ്റ്റണ്‍ മാര്‍ട്ടിന്‍, ബെന്റ്‌ലി, മക്‌ലാരന്‍, ലോട്ടസ് തുടങ്ങിയ കമ്പനികള്‍ക്ക് ഡീല്‍ നേട്ടമാകും. ഇന്ത്യയില്‍ ഇവയുടെ വില കുറയുമെന്നത് ഡിമാന്‍ഡും കൂട്ടും.
മദ്യത്തിന് നിലവില്‍ ഇന്ത്യ ഈടാക്കുന്ന ഇറക്കുമതി തീരുവ 150% വരെയാണ്. ഇത് 20% വരെയായി താഴും. വൈനിന്റേത് 150ല്‍ നിന്ന് 20 ശതമാനം വരെയായി കുറയും. സ്പിരിറ്റിന്റേത് 150ല്‍ നിന്ന് 40ലേക്ക്. ബീയറിന്റേത് 110ല്‍ നിന്ന് 50ലേക്ക്.
പ്രമുഖ മദ്യ ബ്രാന്‍ഡുകളായ മൊഎറ്റ്, ജേമസണ്‍, ഗ്രേ ഗൂസ് തുടങ്ങിയവയുടെ വില വലിയതോതില്‍ കുറയും.
മദര്‍ ഓഫ് ഓള്‍ ഡീല്‍സ് എന്നാണ് വിശേഷണമെങ്കിലും ഇന്ത്യയിലേക്കു വരുന്ന എല്ലാ ഇയു ഉല്‍പന്നങ്ങള്‍ക്കും തീരുവ ഇളവില്ല. രാജ്യത്ത് വലിയ പ്രക്ഷോഭത്തിന് തിരികൊളുത്തിയേക്കാമെന്നതിനാല്‍ ചില കാര്‍ഷിക ഉല്‍പന്നങ്ങളെ ഡീലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അരി, പഞ്ചസാര, കോഴിയിറച്ചി, ബീഫ്, എഥനോള്‍ തുടങ്ങിയവയെ ഡീലില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ക്ഷീര ഉല്‍പന്നങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
