/kalakaumudi/media/media_files/2025/03/20/laNQeMaBcXOgf85jPsd1.jpg)
ന്യൂഡല്‍ഹി: വാഹനാപകട നഷ്ടപരിഹാരം കക്ഷികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറഞ്ഞ് സുപ്രീംകോടതി. പണം ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാന്‍ ഇതുസഹായിക്കും.
നിലവില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരത്തുക മോട്ടോര്‍ വാഹനാപകട തര്‍ക്കപരിഹാര ട്രിബ്യൂണലുകളില്‍ കെട്ടിവെക്കുന്ന പൊതുവായ രീതിയുണ്ട്. ഇക്കാരണത്താല്‍ കക്ഷിക്ക് പണം ലഭിക്കാന്‍ വൈകുന്നു. ഈ സാഹചര്യം ഒഴിവാക്കാനായി കക്ഷികളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ട്രിബ്യൂണലുകള്‍ നിര്‍ദേശം നല്‍കണമെന്ന് ജസ്റ്റിസ് ജെ.കെ. മഹേശ്വരി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
നഷ്ടപരിഹാരവിഷയത്തില്‍ ട്രിബ്യൂണലുകളും ഹൈക്കോടതികളും എല്ലായ്പ്പോഴും ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാന്‍ നിര്‍ദേശിക്കുന്ന രീതി പിന്തുടരണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. പഞ്ചാബിലെ വാഹനാപകട നഷ്ടപരിഹാരക്കേസിലാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.
നിര്‍ദേശങ്ങള്‍
*ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നേരത്തേ ശേഖരിക്കണം
*ബാങ്ക് അക്കൗണ്ടില്ലാത്തവരാണെങ്കില്‍ കേസ് തീര്‍പ്പാക്കുംമുന്‍പ് തുടങ്ങാന്‍ ആവശ്യപ്പെടണം
*കക്ഷികളുടെ പേരിലാകണം അക്കൗണ്ട്
* പ്രായപൂര്‍ത്തിയാവാത്തവരുണ്ടെങ്കില്‍ രക്ഷിതാവിന്റെ പേരിലാകണം
*ജോയിന്റ് അക്കൗണ്ടാണെങ്കില്‍ കുടുംബാംഗങ്ങളുടെ പേരിലാകണം
*ഒരു കാരണവശാലും കുടുംബത്തിന് പുറത്തുള്ളവരുടെകൂടി പേരിലുള്ള അക്കൗണ്ടാവരുത്