/kalakaumudi/media/media_files/2025/03/19/skalVICzh7dMj8HfLnzb.jpg)
കൊച്ചി: ലോകത്തിലെ അതിസമ്പന്നരുടെ ആദ്യ പത്ത് പേരുടെ പട്ടികയിൽ നിന്ന് റിലയൻസ് ഇൻഡസ്‌ട്രീസ് ഉടമ മുകേഷ് അംബാനി പുറത്തായി. ഹുറൂൺ റിച്ച് ലിസ്‌റ്റ് 2025ൽ ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരനെന്ന സ്ഥാനം ഇത്തവണയും മുകേഷ് അംബാനി നിലനിറുത്തി. കടം കൂടിയതോടെ മുകേഷ് അംബാനിയുടെ ആസ്തിയിൽ മുൻവർഷത്തേക്കാൾ ഒരു ലക്ഷം കോടി രൂപയുടെ കുറവുണ്ടായെന്ന് ഹുറൂൺ റിപ്പോർട്ടിൽ പറയുന്നു. ടെസ്‌ലയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഇലോൺ മസ്കാണ് ഇത്തവണയും പട്ടികയിൽ ഒന്നാം സ്ഥാനത്ത്. മസ്കിന്റെ ആസ്‌തി മുൻവർഷത്തേക്കാൾ 82 ശതമാനം ഉയർന്ന് 42,000 കോടി ഡോളറായി. ആമസോണിന്റെ ജെഫ് ബസോസ്, ഫേസ്ബുക്ക് സഹസ്ഥാപകൻ മാർക്ക് സുക്കർബെർഗ്, ഒറക്കിളിന്റെ ലാറി എലിസൺ, ആഗോള നിക്ഷേപകൻ വാറൻ ബഫറ്റ് എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. സമ്പന്നരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ മൊത്തം 284 ശതകോടീശ്വരന്മാരാണുള്ളത്. പുതുതായി 13 പേർ ഇന്ത്യയിൽ നിന്ന് ഉൾപ്പെട്ടു.
വനിതകളുടെ പട്ടികയിൽ റോഷ്‌ണി നാടാർ അഞ്ചാം സ്ഥാനത്ത്
ലോകത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള പത്ത് വനിതകളുടെ പട്ടികയിൽ എച്ച്.സി.എൽ ടെക്നോളജീസിന്റെ റോഷ്‌ണി നാടാർ അഞ്ചാം സ്ഥാനത്തെത്തി ചരിത്രം കുറിച്ചു. ഇതാദ്യമായാണ് അതിസമ്പന്ന വനിതകളുടെ ആഗോള പട്ടികയിൽ ഏഷ്യയിൽ നിന്നൊരാൾ ഇടം പിടിക്കുന്നത്. എച്ച്.സി.എല്ലിലെ 47 ശതമാനം ഓഹരികൾ അച്ഛൻ ശിവ് നാടാർ സമ്മാനമായി നൽകിയതോടെ റോഷ്‌ണിയുടെ ആസ്തി 3.5 ലക്ഷം കോടി രൂപയായി(4,000 കോടി ഡോളർ) ഉയർന്നു. വാൾമാർട്ടിന്റെ ആലീസ് വാൾട്ടൻ 10,200 കോടി ഡോളർ ആസ്തിയുമായി വനിതകളുടെ പട്ടികയിൽ ഒന്നാമതെത്തി. പട്ടികയിൽ എട്ട് അമേരിക്കക്കാർക്കും ഒരു യോറോപ്യനും ഒപ്പമാണ് റൊഷ്‌ണി നാടാർ ഇടം നേടിയത്.
ഇന്ത്യയിലെ അതിസമ്പന്നർ ആസ്തി
1. മുകേഷ് അംബാനി 8.6 ലക്ഷം കോടി രൂപ
2. ഗൗതം അദാനി 8.4 ലക്ഷം കോടി രൂപ
3. റോഷ്‌ണി നാടാർ 3.5 ലക്ഷം കോടി രൂപ
4. ദിലീപ് സാങ്‌വി 2.5 ലക്ഷം കോടി രൂപ
5. അസിം പ്രേംജി 2.2 ലക്ഷം കോടി രൂപ
6. കുമാർ മംഗലം ബിർള 2 ലക്ഷം കോടി രൂപ
7. സൈറസ് പൂനാവാല 2 ലക്ഷം കോടി രൂപ
8. നീരജ് ബജാജ് 1.6 ലക്ഷം കോടി രൂപ
9. രവി ജയ്‌പുര 1.4 ലക്ഷം കോടി രൂപ
10. രാധാകൃഷ്‌ണൻ ധമാനി 1.4 ലക്ഷം കോടി രൂപ