ഗുണ്ടാത്തലവൻ മുക്താർ അൻസാരിയുടെ മൃതദേഹം സംസ്കരിച്ചു; പ്രദേശത്ത്  കനത്ത സുരക്ഷ

സുരക്ഷാ ഉദ്യോഗസ്ഥരെയും അര്‍ധസൈനിക വിഭാഗത്തെയും അന്‍സാരിയുടെ വീടിന് പരിസരത്തും ശ്മശാനത്തിന് സമീപത്തും വിന്യസിച്ചിട്ടുണ്ട്.

author-image
Rajesh T L
New Update
mukthar ansari

മുക്താര്‍ അന്‍സാരിയുടെ സംസ്കാര ചടങ്ങുകൾ

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി: ജയില്‍ശിക്ഷയിലായിരിക്കെ മരിച്ച ഉത്തര്‍ പ്രദേശ് മുന്‍ എം.എല്‍.എയും ഗുണ്ടാത്തലവനുമായ മുക്താര്‍ അന്‍സാരിയുടെ മൃതദേഹം സംസ്‌കരിച്ചു. അൻസാരിയുടെ സ്വദേശമായ ഗാസിപുറിലെ മൊഹമ്മദാബാദിലെ കാലിബാഗ് ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. ശനിയാഴ്ച രാവിലെ പത്തേമുക്കാലോടെ  ചടങ്ങുകള്‍ പൂര്‍ത്തിയായി. ആയിരക്കണക്കിന് ആളുകൾ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. കാലിബാഗ് ശ്മശാനത്തിലെ അന്‍സാരിയുടെ മാതാപിതാക്കളുടെ ശവകുടീരങ്ങള്‍ക്ക് സമീപമാണ് അദ്ദേഹത്തിന്റെയും മൃതദേഹം സംസ്‌കരിച്ചത്. 

സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസിന് ബുദ്ധിമുട്ടേണ്ടിവന്നു. എത്തിയവരില്‍ പലരും ശ്മശാനത്തിലേക്ക്  തള്ളിക്കയറാൻ  ശ്രമിക്കുകയായിരുന്നു. കനത്ത സുരക്ഷ സംവിധാനങ്ങളാണ് അൻസാരിയുടെ വീടിനു സമീപം ഒരുക്കിയിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരെയും അര്‍ധസൈനിക വിഭാഗത്തെയും അന്‍സാരിയുടെ വീടിന് പരിസരത്തും ശ്മശാനത്തിന് സമീപത്തും വിന്യസിച്ചിട്ടുണ്ട്.

ജയിലിൽ വെച്ച് അബോധാവസ്ഥയിലായ അന്‍സാരിയെ വ്യാഴാഴ്ച വൈകിട്ടാണ് ബാന്ദ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ രാത്രി മരണപ്പെട്ടു. വിഷം ഉള്ളിൽ ചെന്നാണ് അൻസാരി മരിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു. എന്നാൽ മരണ കാരണം ഹൃദയാഘാതമാണെന്ന് പോസ്റ്മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞു. വെള്ളിയാഴ്ച വൈകിട്ടോടെ കനത്ത പോലീസ് സുരക്ഷാ വലയത്തിലാണ്  മൃതദേഹം അദ്ദേഹത്തിന്റെ വസതിയില്‍ എത്തിച്ചത്.

യുപിയിലെ മാവു മണ്ഡലത്തെ പ്രതിനിധീകരിച്ച് അഞ്ചുവട്ടം യു.പി. നിയമസഭാംഗമയി അന്‍സാരി വിജയിച്ചിരുന്നു . ഗാസിപുരിലും  സമീപ ജില്ലകളിലും മാവുവിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.  അൻസാരിയുടെ മരണത്തിൽ ശക്തമായ പ്രതിഷേധം ഉയർന്ന് വന്നിരുന്നു . തുടര്‍ന്ന് ബാന്ദയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Uttar pradesh funeral muktar ansari