മുന്‍ റെയില്‍വേ മന്ത്രി മുകുള്‍ റോയ് അന്തരിച്ചു

മമത ബാനര്‍ജിക്കൊപ്പം തൃണമൂല്‍ കോണ്‍ഗ്രസ് കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവായിരുന്നു മുകുള്‍ റോയ്. പാര്‍ട്ടിയുടെ ആദ്യകാല ജനറല്‍ സെക്രട്ടറിയായും മമതയുടെ വിശ്വസ്തനായും അദ്ദേഹം അറിയപ്പെട്ടു

author-image
Biju
New Update
mukul roy

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തിലെ കരുത്തുറ്റ സാന്നിധ്യവും മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയുമായ മുകുള്‍ റോയ് (71) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്കിലുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മകന്‍ ശുഭ്രാംശു റോയ് ആണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.

ദീര്‍ഘകാലമായി മസ്തിഷ്‌ക സംബന്ധമായ അസുഖങ്ങളും പ്രമേഹവും മൂലം ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

മമത ബാനര്‍ജിക്കൊപ്പം തൃണമൂല്‍ കോണ്‍ഗ്രസ് കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവായിരുന്നു മുകുള്‍ റോയ്. പാര്‍ട്ടിയുടെ ആദ്യകാല ജനറല്‍ സെക്രട്ടറിയായും മമതയുടെ വിശ്വസ്തനായും അദ്ദേഹം അറിയപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസിനെ ബംഗാളിന്റെ അധികാരത്തിലെത്തിച്ച 2011-ലെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞത് 'ബംഗാള്‍ രാഷ്ട്രീയത്തിലെ ചാണക്യന്‍' എന്ന് വിളിക്കപ്പെട്ടിരുന്ന മുകുള്‍ റോയി ആയിരുന്നു.

യുപിഎ-2 സര്‍ക്കാരിന്റെ കാലത്ത് ദിനേഷ് ത്രിവേദിക്ക് ശേഷം 2012-ല്‍ അദ്ദേഹം കേന്ദ്ര റെയില്‍വേ മന്ത്രിയായി ചുമതലയേറ്റു. അതിനുമുമ്പ് കപ്പല്‍ ഗതാഗത മന്ത്രാലയത്തില്‍ സഹമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ്യസഭയില്‍ തൃണമൂലിന്റെ മുഖമായി ദീര്‍ഘകാലം അദ്ദേഹം തിളങ്ങി.

2017-ല്‍ മമത ബാനര്‍ജിയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് തൃണമൂല്‍ വിട്ട അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബിജെപിക്ക് 18 സീറ്റുകള്‍ നേടിക്കൊടുക്കുന്നതില്‍ അദ്ദേഹത്തിന്റെ സംഘടനാപാടവം വലിയ പങ്കുവഹിച്ചു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ കൃഷ്ണനഗര്‍ ഉത്തര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ചെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങിയെത്തി.

എന്നാല്‍, ഈ കൂറുമാറ്റത്തെച്ചൊല്ലി ബിജെപി നിയമപോരാട്ടം നടത്തുകയും കഴിഞ്ഞ നവംബറില്‍ കൊല്‍ക്കത്ത ഹൈക്കോടതി അദ്ദേഹത്തെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കുകയും ചെയ്തിരുന്നു. പിന്നീട് സുപ്രീം കോടതി ഈ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു. ബംഗാള്‍ രാഷ്ട്രീയത്തിലെ ഒരു സുപ്രധാന അധ്യായത്തിനാണ് മുകുള്‍ റോയിയുടെ വിയോഗത്തോടെ അന്ത്യമാകുന്നത്. മുഖ്യമന്ത്രി മമത ബാനര്‍ജി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.