മുംബൈയിൽ ഉഷ്ണ തരംഗ സാധ്യത : മദ്യം, കൂൾ ഡ്രിങ്ക്സ് ചായ ഉൾപ്പെടെയുള്ള പാനീയങ്ങൾ ഒഴിവാക്കാൻ നിർദേശം

കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമനുസരിച്ച് ഗ്രേറ്റർ മുംബൈ ഉൾപ്പെടെ മഹാരാഷ്ട്രയിലെ ചില ഭാഗങ്ങളിൽ നിലവിൽ ഉഷ്ണതരംഗം അനുഭവപ്പെടുന്നുണ്ടെന്നും ഈ സാഹചര്യം മാർച്ച് 11 വരെ തുടരാമെന്നും മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു

author-image
Rajesh T L
Updated On
New Update
9246

മുംബൈ: മുംബൈയിലും സമീപ ജില്ലകളിലും ഉഷ്ണതരംഗ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ നഗരത്തിലെ മുനിസിപ്പൽ കോർപ്പറേഷൻ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഉയർന്ന താപനിലയുടെ ദോഷകരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ താമസക്കാർ ജലാംശം നിലനിർത്താനും മറ്റ് മുൻകരുതലുകൾ സ്വീകരിക്കാനും അധികൃതർ അഭ്യർത്ഥിച്ചു.

കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമനുസരിച്ച് ഗ്രേറ്റർ മുംബൈ ഉൾപ്പെടെ മഹാരാഷ്ട്രയിലെ ചില ഭാഗങ്ങളിൽ നിലവിൽ ഉഷ്ണതരംഗം അനുഭവപ്പെടുന്നുണ്ടെന്നും ഈ സാഹചര്യം മാർച്ച് 11 വരെ തുടരാമെന്നും മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. ഇത്തരം സാഹചര്യങ്ങൾ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഇടയ്ക്കിടെ ഉണ്ടാകാം. ഉഷ്ണതരംഗം ഇടയ്ക്കിടെ ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തിൽ ഈ കാലയളവിൽ ജനങ്ങൾ എന്തൊക്കെ ചെയ്യണം, ചെയ്യരുത് എന്നതിനെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്.

ദാഹം തോന്നുന്നില്ലെങ്കിൽ പോലും ആവശ്യത്തിന് വെള്ളം കുടിക്കാനും ഭാരം കുറഞ്ഞതും അയഞ്ഞതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും ചൂടുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ ഒഴിവാക്കാൻ വീടുകളിൽ നിന്നോ ഓഫീസുകളിൽ നിന്നോ പുറത്തിറങ്ങുമ്പോൾ സൺഗ്ലാസുകളും പാദരക്ഷകളും കുടകളും കരുതാനും മദ്യം, ചായ, കാപ്പി അല്ലെങ്കിൽ തണുത്ത പാനീയങ്ങൾ എന്നിവ ഒഴിവാക്കാനും ബിഎംസി ഉപദേശിച്ചു. കൂടാതെ മറ്റു പ്രതിരോധ നടപടികളും നിർദേശിച്ചിട്ടുണ്ട്. 

mumbai weather india weather updates Hot weather