മുംബൈ ട്രെയിന്‍ സ്ഫോടനം ; 12 പ്രതികളെയും കുറ്റവിമുക്തരാക്കി ബോംബെ ഹൈക്കോടതി

ജസ്റ്റിസ് അനില്‍ കിലോര്‍, ജസ്റ്റിസ് ശ്യാം ചന്ദക് എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് വിധി പ്രസ്താവിച്ചത്.2006 ല്‍ മുംബൈയില്‍ നടന്ന ട്രെയിന്‍ സ്ഫോടനത്തില്‍ 189 പേര്‍ കൊല്ലപ്പെടുകയും 800 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

author-image
Sneha SB
New Update
BOMB BLAST

മുംബൈ : 2006ലെ മുംബൈയില്‍ നടന്ന മുംബൈ ലോക്കല്‍ ട്രെയിന്‍ സ്‌ഫോടനത്തില്‍ കീഴ്ക്കോടതി ശിക്ഷിച്ച 12 പേരെയും  കുറ്റവിമുക്തരാക്കി ബോംബൈ ഹൈക്കോടതി. 2015ല്‍ വിചാരണ കോടതി ഈ 12 പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയിരുന്നു. ഇവരില്‍ അഞ്ച് പേര്‍ക്ക് വധശിക്ഷയും മറ്റുള്ളവര്‍ക്ക് ജീവപര്യന്തം തടവുമായിരുന്നു വിധിച്ചത്.ഇവര്‍ക്കെതിരായ കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടതായാണ് കോടതിയുടെ നിരീക്ഷണം.

ജസ്റ്റിസ് അനില്‍ കിലോര്‍, ജസ്റ്റിസ് ശ്യാം ചന്ദക് എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് വിധി പ്രസ്താവിച്ചത്.2006 ല്‍ മുംബൈയില്‍ നടന്ന ട്രെയിന്‍ സ്ഫോടനത്തില്‍ 189 പേര്‍ കൊല്ലപ്പെടുകയും 800 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.സംഭവം നടന്ന്  പത്തൊന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതികളെ കുറ്റവിമുക്തരാക്കുന്നത്.

2006 ജൂലൈ 11 ന്, 11 മിനിറ്റുകള്‍ക്കിടെ മുംബൈയിലെ പല ലോക്കല്‍ ട്രെയിനുകളിലായി ഏഴ് ബോംബ് സ്ഫോടനങ്ങളാണ് നടന്നത്. സ്‌ഫോടനത്തിന് നാശനഷ്ടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി റിഗ്ഗ്ഡ് പ്രഷര്‍ കുക്കറുകള്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്.ആദ്യ സ്‌ഫോടനം വൈകുന്നേരം 6.24 നാണ് ഉണ്ടായത്. അവസാനത്തേത് വൈകുന്നേരം 6.35 നും. ചര്‍ച്ച്‌ഗേറ്റില്‍ നിന്നുള്ള ട്രെയിനുകളുടെ ഫസ്റ്റ് ക്ലാസ് കമ്പാര്‍ട്ടുമെന്റുകളിലാണ് ബോംബുകള്‍ സ്ഥാപിച്ചിരുന്നത്. മാട്ടുംഗ റോഡ്, മാഹിം ജംഗ്ഷന്‍, ബാന്ദ്ര, ഖാര്‍ റോഡ്, ജോഗേശ്വരി, ഭയാന്ദര്‍, ബോറിവാലി എന്നീ സ്റ്റേഷനുകള്‍ക്ക് സമീപത്തു വച്ചാണ് സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

2015ല്‍ വിചാരണ കോടതി സ്‌ഫോടനക്കേസില്‍ 12 പേരെ കുറ്റക്കാരായി കണ്ടെത്തിയിരുന്നു. മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ടിന്റെ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. ഫൈസല്‍ ഷെയ്ഖ്, ആസിഫ് ഖാന്‍, കമാല്‍ അന്‍സാരി, എഹ്‌തെഷാം സിദ്ദുഖി, നവീദ് ഖാന്‍ എന്നീ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു. ഗൂഢാലോചനയില്‍ പങ്കാളികളായ മറ്റ് ഏഴ് പ്രതികളായ മുഹമ്മദ് സാജിദ് അന്‍സാരി, മുഹമ്മദ് അലി, ഡോ. തന്‍വീര്‍ അന്‍സാരി, മജിദ് ഷാഫി, മുസമ്മില്‍ ഷെയ്ഖ്, സൊഹൈല്‍ ഷെയ്ഖ്, സമീര്‍ ഷെയ്ഖ് എന്നിവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. ബോംബൈ ഹൈക്കോടതിയുടെ ഇന്നത്തെ വിധിയോടെ 12 പ്രതികളെയും വെറുതെ വിട്ടു.

mumbai bomb blast