സെയ്ഫ് അലിഖാനെ ആക്രമിച്ച കേസില്‍ ദുരൂഹത തുടരുന്നു

ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസില്‍ ദുരൂഹത തുടരുന്നു.സംഭവത്തില്‍ തുടക്കം മുതല്‍ തന്നെ ദുരൂഹത നിറഞ്ഞിരുന്നു.മോഷണ ശ്രമത്തിനിടെയാണ് സെയ്ഫ് അലിഖാന്‍ ആക്രമിക്കപ്പെട്ടത് എന്നാണ് പൊലീസ് പറയുന്നത്

author-image
Rajesh T L
New Update
KK

ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസില്‍ ദുരൂഹത തുടരുന്നു. സംഭവത്തില്‍ തുടക്കം മുതല്‍ തന്നെ ദുരൂഹത നിറഞ്ഞിരുന്നു.മോഷണ ശ്രമത്തിനിടെയാണ് സെയ്ഫ് അലിഖാന്‍ ആക്രമിക്കപ്പെട്ടത് എന്നാണ് പൊലീസ് പറയുന്നത്.മണിക്കൂറുകള്‍ക്കുള്ളില്‍ മുംബൈ പൊലീസ് പ്രതിയെന്നു സംശയിക്കുന്നയാളെ പിടികൂടുകയും ചെയ്തു.ബാന്ദ്രയിലെ അതീവ സുരക്ഷയുള്ള വസതിയില്‍ വച്ചാണ് സെയ്ഫ് അലിഖാന്‍ ആക്രമിക്കപ്പെട്ടത്. 

പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചര്‍ച്ച സജീവമായി. ആദ്യം പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യത്തിലുള്ളയാളിനെയല്ല പൊലീസ് പിടികൂടിയതെന്ന സംശയം ഉയര്‍ന്നു. പ്രതി ബംഗ്ലാദേശ് പൗരനാണെന്നും മുംബൈയില്‍ മാസങ്ങള്‍ക്കു മുമ്പ് എത്തിയതാണെന്നുമാണ് പൊലീസ് പറഞ്ഞത്.മതിയായ രേഖകള്‍ ഇല്ലാതെയാണ് ഇയാള്‍ മുംബൈയില്‍ താമസിക്കുന്നതെന്നും പൊലീസ് അറിയിച്ചു. 

അതിനിടെ,കഴിഞ്ഞ ദിവസം താരം ആശുപത്രി വിട്ടു. ആറാളം കുത്തുകള്‍ ഏറ്റ, ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞ ഒരാള്‍ക്ക് ദിവസങ്ങള്‍ക്കുള്ളില്‍ എങ്ങനെ എണീറ്റു നടക്കാനാവും എന്ന സംശയമാണ് വ്യാപകമായി ഉയരുന്നത്. കേസില്‍ ദുരൂഹത കൂടുകയാണ് ചെയ്തത്. 

അതിനിടെ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഷെരീഫുള്‍ ഫക്കീറിന്റെ പിതാവിന്റെ പ്രതികരണം പുറത്തുവന്നു.ഇതുവരെയുള്ള സംശയങ്ങളെല്ലാം ശരിവയ്ക്കും വിധമുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളിലുള്ളത് തന്റെ മകന്‍ അല്ലെന്നാണ് ഷരീഫുള്‍ ഫക്കിറിന്റെ പിതാവ് പറയുന്നത്. പൊലീസ് മകനെ കുടുക്കിയതാണെന്നും പിതാവ് ആരോപിച്ചു. സംശയത്തിന്റെ പേരിലാണ് മകനെ അറസ്റ്റ് ചെയ്തത്.സംഭവത്തിനു ശേഷം പൊലീസ് പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത് എന്റെ മകന്‍ അല്ല.പിതാവ് പറയുന്നു. 

ദൃശ്യങ്ങളിലുള്ളയാളും മകനും തമ്മില്‍ ചില സാദൃശ്യങ്ങളുണ്ട്. അതുകൊണ്ടാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഷെരീഫുള്‍ ഇന്ത്യയില്‍ എത്തിയത് അനധികൃതമായാണ്.അതിനാല്‍,എളുപ്പത്തില്‍ മകനെ കേസില്‍ കുടുക്കാന്‍ കഴിയുമെന്നും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ പ്രദേശിക നേതാവ് കൂടിയായ മുഹമ്മദ് രോഹുല്‍ അമിന്‍ ടൈംസ് ഒഫ് ഇന്ത്യയോട് പറഞ്ഞു. 

ദൃശ്യങ്ങളില്‍ ഉള്ളയാളിന് നീണ്ട മുടിയുണ്ട്.എന്നാല്‍,തന്റെ മകന്‍ മുടി നീട്ടി വളര്‍ത്താറില്ലന്നും മുടി മുകളിലേക്ക് ചീകി വയ്ക്കുകയാണ് ചെയ്യാറുള്ളതെന്നും പിതാവ് അവകാശപ്പെടുന്നു.മകന്റെ അറസ്റ്റിനെ നയതന്ത്ര പ്രശ്‌നമായി ഉയര്‍ത്താന്‍ ബംഗ്ലാദേശിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.രോഹുലിന്റെ മൂന്നുമക്കളില്‍ രണ്ടാമനാണ് ഷരീഫുള്‍.മൂത്തമകന്‍ ധാക്കയില്‍ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. ഇളയമകന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്.പത്താം ക്ലാസില്‍ വച്ച് ഷെരീഫുകള്‍ പഠനം ഉപേക്ഷിച്ചു.ഖുല്‍ന ചണ മില്ലിലെ തന്റെ ജോലി നഷ്ടപ്പെട്ടതിനു പിന്നാലെയാണ് മകന്‍ ജോലിക്കിറങ്ങിയതെന്നും പിതാന് പറയുന്നു. 

ഞങ്ങള്‍ പാവപ്പെട്ടവരാണ്.എന്നാല്‍,ക്രിമിനലുകള്‍ അല്ല. ബംഗ്ലാദേശില്‍ ബൈക്ക് ടാക്‌സി ഓടിച്ചാണ് ഷരീഫുള്‍ ജീവിത മാര്‍ഗ്ഗം കണ്ടെത്തിയിരുന്നത്.കഴിഞ്ഞ വര്‍ഷം ഷെയ്ഖ് ഹസീന സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെയാണ് മകന്‍ പ്രതിസന്ധിയിലായതെന്നും പിതാവ് പറഞ്ഞു.മകന്‍ ഖാലിദ സിയയുടെ അനുയായിയാണ്.ഹസിന അധികാരത്തില്‍ വന്നതോടെയാണ് മകന് തിരിച്ചടിയായത്. 

അതിനാലാണ് മെച്ചപ്പെട്ട തൊഴിലവസരം തേടി മകന്‍ രാജ്യം വിടാന്‍ തീരുമാനിച്ചത്.ഒരു ഏജന്റിന്റെ സഹായത്തോടെയാണ് അനധികൃതമായി ഷരീഫുള്‍ ഇന്ത്യയിലേക്ക് കടന്നതെന്നും പിതാവ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഷെരീഫുകള്‍ ഇന്ത്യയില്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറി സെയ്ഫ് അലി ഖാനെ ആക്രമിച്ചത്.ആക്രമണത്തില്‍ നടന് ആറ് തവണ കുത്തേല്‍ക്കുകയും കത്തി മുറിഞ്ഞ് ശരീരത്തില്‍ തറയ്ക്കുകയും ചെയ്തു. 

ചോരയില്‍ കുളിച്ച നടനെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ആക്രമണശേഷം പ്രതി വീട്ടില്‍ നിന്ന് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു.കുട്ടികളുടെ മുറിയില്‍ കള്ളന്‍ കയറിയെന്ന് സഹായികളില്‍ ഒരാള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സെയ്ഫ് മുറിയിലെത്തിയത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് പ്രതി സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. 

ശരീരത്തില്‍ ആറ് തവണയാണ് കുത്തേറ്റത്.ഗുരുതരമായ പരിക്കില്‍ നിന്ന് തലനാരിഴയ്ക്കാണ് സെയ്ഫ് അലിഖാന്‍ രക്ഷപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ശരീരത്തില്‍ കുടുങ്ങിയ കത്തി നീക്കം ചെയ്തത്.

Saif Ali Khan stabbed