/kalakaumudi/media/media_files/Wi05DE8mFlbOZM9dC6RR.jpg)
JP Nadda
കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയുമായി ബന്ധപ്പെടുത്തി മുസ്ലിം വിരുദ്ധ പരാമര്‍ശവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങളെ തട്ടിയെടുത്ത് മുസ്ലിങ്ങള്‍ക്ക് നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറയുന്നുണ്ടെന്നാണ് ജെ പി നദ്ദയുടെ വാദം.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെയും നദ്ദ രംഗത്തെത്തി. മുസ്ലിങ്ങളുടെ പിന്നാക്കാവസ്ഥ പഠിച്ച സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതാണെന്നായിരുന്നു ബിജെപി അധ്യക്ഷന്റെ ആക്ഷേപം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുസ്ലിം വിരുദ്ധ പരാമര്‍ശം വലിയ വിവാദങ്ങളും നിയമപോരാട്ടങ്ങള്‍ക്കും വഴിവെച്ചതിന് പിന്നാലെയാണ് നദ്ദയും സമാനമായ ആക്ഷേപവുമായി രംഗത്തെത്തുന്നത്.
രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന വെള്ളിയാഴ്ചയാണ് നദ്ദയുടെ പ്രസ്താവന. മോദിയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും പാർട്ടി അധ്യക്ഷനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണമാവശ്യപ്പെട്ട് നോട്ടിസ് അയച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ പരാമർശം.
പട്ടികജാതി/വർഗ, ഒബിസി വിഭാഗങ്ങളുടെ അവകാശങ്ങൾ തട്ടിയെടുത്ത് മുസ്ലിങ്ങൾക്ക് നൽകുക എന്നതാണ് കോൺഗ്രസിൻ്റെയും ഇന്ത്യാ സഖ്യത്തിൻ്റെയും രഹസ്യ അജണ്ട എന്നായിരുന്നു ജെ പി നദ്ദയുടെ വാദം. രാജ്യത്തെ വിഭവങ്ങളുടെ ആദ്യ അവകാശം മുസ്ലിങ്ങൾക്കാണെന്ന് കോൺഗ്രസ് പറയുന്നു. എന്നാൽ ആദ്യ അവകാശികൾ ദരിദ്രരാണെന്നാണ് മോദി പറയുന്നതെന്നും നദ്ദ പറഞ്ഞു. കോൺഗ്രസ് മുസ്ലിം പ്രീണനനത്തിനു ശ്രമിക്കുകയാണെന്നും ഒരു പ്രത്യേക മതവിഭാഗത്തോട് ചായ്‌വുള്ളവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജസ്ഥാനിലെ ബാംസ്വാഡയിൽ മോദി നടത്തിയ വിവാദ പ്രസംഗത്തിലെ കാര്യങ്ങൾ വീണ്ടും സ്ഥാപിക്കാൻ ശ്രമിക്കുന്നതായിരുന്നു നദ്ദയുടെയും പ്രസ്താവന. മൻമോഹൻ സിങ് 2009ൽ നടത്തിയ പ്രസംഗം മനഃപൂർവം നടത്തിയതാണ്. മുസ്ലിങ്ങൾക്കാണു പ്രഥമ പരിഗണന നൽകേണ്ടതെന്ന് മൻമോഹൻ സിങ് അന്നുനടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
എസ്‌സി, എസ്‌ടി വിഭാഗങ്ങളേക്കാൾ മോശമായ അവസ്ഥയിലാണ് മുസ്ലിങ്ങളെന്ന് കാണിക്കാൻ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ സച്ചാർ കമ്മിറ്റി റിപ്പോർട്ട് വഴി തെറ്റായ പ്രസ്താവനകൾ നടത്തിയെന്ന വാദവും ബിജെപി മേധാവി ഉന്നയിച്ചു.
കഴിഞ്ഞ ദിവസമാണ് സിപിഐ, സിപിഐഎംഎൽ, വിവിധ പൗരാവകാശ സംഘടനകളും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ബിജെപി അധ്യക്ഷനോട് വിശദീകരണം തേടിയത്. തിങ്കളാഴ്ച 11 മണിക്ക് മുൻപായി മറുപടി നൽകണമെന്നാണ് നിർദേശം.
ജനങ്ങളുടെ സമ്പത്ത് മുസ്ലീങ്ങൾക്ക് പുനർവിതരണം ചെയ്യാൻ കോൺഗ്രസ് ആഗ്രഹിക്കുന്നുവെന്നും പ്രതിപക്ഷ പാർട്ടി സ്ത്രീകളുടെ 'കെട്ടുതാലി പോലും ഒഴിവാക്കില്ലെന്നുമുള്ള മോദിയുടെ ആരോപണം വലിയ രാഷ്ട്രീയ ചർച്ചയായിരുന്നു. മോദി തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്നുവെന്ന് പ്രതിപക്ഷ പാർട്ടികളും ആരോപിച്ചിരുന്നു.