തടാകം കയ്യേറിയെന്ന ആരോപണത്തിൽ തെലുങ്ക് നടൻ നാഗാർജുനയുടെ കൺവെൻഷൻ സെന്റർ ഇടിച്ച് തകർത്തു. നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള ദ എൻ കൺവെൻഷൻ സെന്ററാണ് പൊളിച്ച് നീക്കിയത്. ഹൈദരാബാദ് ഡിസാസ്റ്റർ റെസ്പോൺസ് ആൻഡ് അസെറ്റ്സ് മോണിട്ടറിംഗ് ആൻഡ് പ്രൊട്ടക്ഷൻ അധികൃതരുടേതാണ് നടപടി. അതേസമയം വിഷയത്തിൽ നാഗാർജുന പ്രതികരിച്ചിട്ടില്ല.
പൊതുസ്ഥലങ്ങളും ജലാശയങ്ങളും കയ്യേറിക്കൊണ്ടുള്ള നിർമാണങ്ങൾ പൊളിച്ചുനീക്കുന്നതിൻറെ ഭാഗമായാണ് കെട്ടിടം പൊളിച്ച് നീക്കിയത്. പത്തേക്കർ വിസ്തൃതിയുണ്ടായിരുന്ന കൺവെൻഷൻ സെന്റർ പാരിസ്ഥിതിക നിയമങ്ങളുൾപ്പെടെ ലംഘിച്ചാണ് നിർമാണം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊളിക്കൽ നടപടികൾ.
തെലങ്കാനയിലെ തുംകുണ്ട തടാകത്തിൻ്റെ 1.12 ഏക്കർ ഭാഗമാണ് കൺവെൻഷൻ സെന്റർ നിർമിക്കാൻ കയ്യേറിയത്. ഇതിനുപുറമേ തടാകത്തിന്റെ ബഫർ സോണിലുൾപ്പെടുന്ന രണ്ടേക്കർ ഭൂമിയും കയ്യേറിയതായി കണ്ടെത്തിയിരുന്നു. തുടർന്നാണ് സെൻ്റർ പൊളിച്ചുമാറ്റാൻ ഹൈഡ്രാ അധികൃതർ തീരുമാനിച്ചത്. ആന്ധ്രയിലെ ഏറെ പ്രശസ്‌തമായ കൺവെൻഷൻ സെൻ്ററാണ് ദ എൻ. ആഡംബര വിവാഹങ്ങളും കോർപ്പറേറ്റ് മീറ്റിങ്ങുകളുമെല്ലാം ഇവിടെ നടന്നിരുന്നു.