/kalakaumudi/media/media_files/2025/10/31/modi-2025-10-31-15-37-39.jpg)
ഗാന്ധിനഗര്‍: മറ്റു നാട്ടുരാജ്യങ്ങളെ ഇന്ത്യയില്‍ ലയിപ്പിച്ചതുപോലെ കശ്മീരിനെ മുഴുവനായും ഇന്ത്യയുമായി ഒന്നിപ്പിക്കാന്‍ സര്‍ദാര്‍ പട്ടേല്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നെഹ്റു അതിന് അനുവദിച്ചില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
'ചരിത്രമെഴുതി സമയം കളയരുത്, പകരം ചരിത്രം സൃഷ്ടിക്കാന്‍ കഠിനാധ്വാനം ചെയ്യണമെന്ന് സര്‍ദാര്‍ പട്ടേല്‍ വിശ്വസിച്ചിരുന്നു', സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിന്റെ നൂറ്റമ്പതാം ജന്മദിനത്തില്‍ സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് സമീപം നടന്ന രാഷ്ട്രീയ ഏകതാ ദിവസ് പരേഡിന് ശേഷം പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.
'മറ്റു നാട്ടുരാജ്യങ്ങളെപ്പോലെ കശ്മീരിനെ മുഴുവനായും ഇന്ത്യയുമായി ഒന്നിപ്പിക്കാന്‍ സര്‍ദാര്‍ പട്ടേല്‍ ആഗ്രഹിച്ചു. എന്നാല്‍, നെഹ്റുജി അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റുന്നതില്‍നിന്ന് തടഞ്ഞു. കശ്മീര്‍ വിഭജിക്കപ്പെട്ടു, പ്രത്യേക ഭരണഘടനയും പതാകയും നല്‍കി. കോണ്‍ഗ്രസിന്റെ തെറ്റുമൂലം പതിറ്റാണ്ടുകളോളം രാജ്യം ദുരിതമനുഭവിച്ചു. 'സര്‍ദാര്‍ പട്ടേല്‍ രൂപീകരിച്ച നയങ്ങളും അദ്ദേഹം എടുത്ത തീരുമാനങ്ങളും പുതിയ ചരിത്രം സൃഷ്ടിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
'സ്വാതന്ത്ര്യത്തിനുശേഷം, 550-ലധികം നാട്ടുരാജ്യങ്ങളെ ഒന്നിപ്പിക്കുക എന്ന അസാധ്യമായ ദൗത്യം സര്‍ദാര്‍ പട്ടേലാണ് സാധ്യമാക്കിയത്. ഒരു ഇന്ത്യ, ഉത്തമ ഇന്ത്യ എന്ന ആശയം അദ്ദേഹത്തിന് പരമപ്രധാനമായിരുന്നു. രാഷ്ട്രത്തെ സേവിക്കുന്നതിലൂടെയാണ് തനിക്ക് ഏറ്റവും വലിയ സന്തോഷം ലഭിക്കുന്നതെന്ന് സര്‍ദാര്‍ പട്ടേല്‍ ഒരിക്കല്‍ പറയുകയുണ്ടായി. രാഷ്ട്രസേവനത്തിനായി സ്വയം സമര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സന്തോഷത്തിന്റെ ഉറവിടം മറ്റൊന്നില്ലെന്ന് നമ്മുടെ രാജ്യത്തെ ജനങ്ങളെ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു', അദ്ദേഹം പറഞ്ഞു.
'നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ നിര്‍ണായകമായ പോരാട്ടം നടത്താന്‍ രാജ്യം തീരുമാനിച്ചിരിക്കുന്നു. രാഷ്ട്രീയ ഏകതാ ദിവസില്‍, രാജ്യത്തുനിന്ന് ഓരോ നുഴഞ്ഞുകയറ്റക്കാരനെയും നീക്കംചെയ്യുമെന്ന് നാം പ്രതിജ്ഞയെടുക്കണം. ഇന്ന്, നമ്മുടെ രാജ്യത്തിന്റെ ഐക്യവും ആഭ്യന്തര സുരക്ഷയും നുഴഞ്ഞുകയറ്റക്കാരില്‍നിന്ന് ഗുരുതരമായ ഭീഷണി നേരിടുന്നു. പതിറ്റാണ്ടുകളായി, നുഴഞ്ഞുകയറ്റക്കാര്‍ നമ്മുടെ രാജ്യത്തേക്ക് പ്രവേശിച്ച് അതിന്റെ ജനസംഖ്യാ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുന്നു', മോദി പറഞ്ഞു.
നക്‌സല്‍ ഭീകരതയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ എടുത്തുപറഞ്ഞ മോദി രാജ്യത്തുനിന്ന് നക്‌സലിസവും മാവോയിസവും വേരോടെ പിഴുതെറിയുന്നതുവരെ തന്റെ സര്‍ക്കാര്‍ പിന്മാറില്ലെന്ന് പറഞ്ഞു. ഇന്ത്യ ഭരിച്ച ബ്രിട്ടീഷുകാരില്‍നിന്ന് കോണ്‍ഗ്രസിന് 'അടിമത്ത മനോഭാവം' പാരമ്പര്യമായി ലഭിച്ചുവെന്ന് മോദി കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് പറഞ്ഞു.
പൊലീസിന്റെയും അര്‍ദ്ധസൈനിക വിഭാഗങ്ങളുടെയും സംഘങ്ങള്‍ പങ്കെടുത്ത ദേശീയ ഏകതാ ദിന പരേഡ് മോദി വീക്ഷിച്ചു. ബിഎസ്എഫ്, സിഐഎസ്എഫ്, ഐടിബിപി, സിആര്‍പിഎഫ്, എസ്എസ്ബി തുടങ്ങിയ അര്‍ദ്ധസൈനിക വിഭാഗങ്ങളും ജമ്മു കശ്മീര്‍, പഞ്ചാബ്, അസം, ത്രിപുര, ഒഡീഷ, ഛത്തീസ്ഗഢ്, കേരളം, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസ് സംഘങ്ങളും ഉള്‍പ്പെടെ എല്ലാ സംഘങ്ങളെയും വനിതാ ഉദ്യോഗസ്ഥരാണ് നയിച്ചത്. നാഷണല്‍ കേഡറ്റ് കോര്‍പ്‌സിന്റെ (എന്‍സിസി) ഒരു സംഘവും പരേഡില്‍ പങ്കെടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
