/kalakaumudi/media/media_files/2025/07/25/im-2025-07-25-15-06-50.jpg)
ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന രണ്ടാമത്തെ വ്യക്തിയായി മാറി നരേന്ദ്രമോദി. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ റെക്കോര്‍ഡ് ആണ് മോദി തകര്‍ത്തിരിക്കുന്നത്. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റു ആണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി.
ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തി എന്നുള്ളത് കൂടാതെ മറ്റു നിരവധി റെക്കോര്‍ഡുകളും മോദിക്ക് സ്വന്തമായി ഉണ്ട്. സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ് മോദി. ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രി എന്ന ബഹുമതിയും അദ്ദേഹത്തിന് സ്വന്തമാണ്. കേന്ദ്രത്തില്‍ രണ്ട് പൂര്‍ണ്ണ കാലാവധി പൂര്‍ത്തിയാക്കിയ ഒരേയൊരു കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രി കൂടിയാണ് മോദി.
1966 നും 1977 നും ഇടയില്‍ തുടര്‍ച്ചയായി 4,077 ദിവസം പ്രധാനമന്ത്രിയായിരുന്ന മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ റെക്കോര്‍ഡ് ആണ് 2025 ജൂലൈ 26ന് നരേന്ദ്രമോദി മറികടന്നിരിക്കുന്നത്. വ്യക്തമായ ഭൂരിപക്ഷത്തോടെ രണ്ട് തവണ വീണ്ടും തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ കോണ്‍ഗ്രസ് ഇതര നേതാവ് കൂടിയാണ് മോദി. 1971 ല്‍ ഇന്ദിരാഗാന്ധിക്ക് ശേഷം തുടര്‍ച്ചയായ പൊതുതെരഞ്ഞെടുപ്പുകളില്‍ പൂര്‍ണ്ണ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തിയ ആദ്യത്തെ സിറ്റിംഗ് പ്രധാനമന്ത്രി കൂടിയാണ് അദ്ദേഹം. തുടര്‍ച്ചയായ മൂന്ന് ലോക്സഭാ വിജയങ്ങളിലേക്ക് (2014, 2019, 2024) തന്റെ പാര്‍ട്ടിയെ നയിച്ച ഏക പ്രധാനമന്ത്രി എന്ന സവിശേഷത കൂടി നരേന്ദ്രമോദിക്ക് സ്വന്തമാണ്.