പ്രധാനമന്ത്രിയും രാജ്യത്തെ പൗരന്‍, തെറ്റ് ചെയ്താല്‍ സംരക്ഷണം വേണ്ട': ബില്ലില്‍ ഇളവ് വേണ്ടെന്ന് മോദി പറഞ്ഞെന്ന് കേന്ദ്രമന്ത്രി

ബില്ലുമായി ബന്ധപ്പെട്ട് മന്ത്രിസഭയിലെ ചര്‍ച്ചയില്‍ പ്രധാനമന്ത്രിക്ക് ഇളവു നല്‍കണമെന്ന നിര്‍ദേശം ഉയര്‍ന്നിരുന്നു. എന്നാല്‍ നരേന്ദ്ര മോദി ഇത് നിഷേധിക്കുകയായിരുന്നു.

author-image
Biju
New Update
pm narendramodi

ന്യൂഡല്‍ഹി: മുപ്പതു ദിവസത്തിലേറെ തടവില്‍ കഴിയുന്ന മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും പുറത്താക്കാനുള്ള ബില്ലില്‍നിന്ന് തനിക്ക് ഇളവു നേടാനുള്ള അവസരം പ്രധാനമന്ത്രി നരേന്ദ്ര മോദി നിഷേധിച്ചെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ തുടര്‍ച്ചയായി 30 ദിവസം തടവില്‍ കഴിയുന്ന പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവരെ പുറത്താക്കാന്‍ നിര്‍ദേശിക്കുന്ന ബില്ലില്‍ തനിക്ക് ഇളവുണ്ടാകരുതെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടെന്നാണ് മന്ത്രി പറഞ്ഞത്. 

ബില്ലുമായി ബന്ധപ്പെട്ട് മന്ത്രിസഭയിലെ ചര്‍ച്ചയില്‍ പ്രധാനമന്ത്രിക്ക് ഇളവു നല്‍കണമെന്ന നിര്‍ദേശം ഉയര്‍ന്നിരുന്നു. എന്നാല്‍ നരേന്ദ്ര മോദി ഇത് നിഷേധിക്കുകയായിരുന്നു.

''പ്രധാനമന്ത്രിയും രാജ്യത്തെ പൗരനാണ്. അദ്ദേഹത്തിന് പ്രത്യേക സംരക്ഷണം ഉണ്ടാകേണ്ട കാര്യമില്ല. ഭൂരിഭാഗം മുഖ്യമന്ത്രിമാരും നമ്മുടെ പാര്‍ട്ടിയില്‍ നിന്നാണ്. നമ്മുടെ ആളുകള്‍ തെറ്റു ചെയ്താല്‍ അവരെയും പദവികളില്‍നിന്ന് നീക്കണം. ധാര്‍മികതയ്ക്കും എന്തെങ്കിലും അര്‍ഥമുണ്ടാകണം. ധാര്‍മികതയാണ് കേന്ദ്രബിന്ദുവെന്നതിനാല്‍ പ്രതിപക്ഷം ഈ ബില്ലിനെ സ്വാഗതം ചെയ്യും.'' പ്രധാനമന്ത്രി പറഞ്ഞതായി റിജിജു പറഞ്ഞു.