/kalakaumudi/media/media_files/2025/09/21/rajnath-2025-09-21-16-17-31.jpg)
ന്യൂഡല്‍ഹി: വരും വര്‍ഷങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ബിജെപിയെ നയിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. അടുത്ത തിരഞ്ഞെടുപ്പോടെ മോദി വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവന.
' ലളിതമായ സത്യം ഇതാണ്... സമീപഭാവിയില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒഴിവില്ല. 2029 ലും 2034 ലും അതിനുശേഷവും നരേന്ദ്ര മോദി തന്നെയായിരിക്കും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി' ഒരു വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ രാജ്‌നാഥ്‌സിങ് പറഞ്ഞു. ലോകനേതാക്കള്‍ മോദിയില്‍നിന്ന് ഉപദേശങ്ങള്‍ സ്വീകരിക്കാറുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
ജന്മദിനത്തിന് ലോകനേതാക്കളില്‍നിന്ന് ഇത്രയും ആശംസാ സന്ദേശങ്ങള്‍ ലഭിക്കുന്ന മറ്റൊരു പ്രധാനമന്ത്രിയില്ലെന്നും പഹല്‍ഗാം ഭീകരാക്രമണത്തിനു നല്‍കിയ മറുപടി മോദിയുടെ പ്രവര്‍ത്തന ശൈലിക്ക് ഉദാഹരണമാണെന്നും രാജ്‌നാഥ് സിങ് ചൂണ്ടിക്കാട്ടി. വോട്ടു മോഷണം സംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫോണില്‍ വിളിച്ച് ജന്മദിനാശംസ നേര്‍ന്നിരുന്നു. എക്‌സിലൂടെ മോദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുഎസ് സഹകരണത്തിന് ട്രംപിനെപ്പോലെ താനും പ്രതിജ്ഞാബദ്ധനാണെന്നും യുക്രെയ്‌നില്‍ സമാധാനം പുലര്‍ത്താനുള്ള ട്രംപിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നും എക്‌സിലെ പോസ്റ്റില്‍ മോദി വ്യക്തമാക്കിയിരുന്നു.
അടിയന്തരാവസ്ഥയെ എതിര്‍ത്ത് 1975ല്‍ രാഷ്ട്രീയത്തിലെത്തിയ മോദിക്ക് പൊതുപ്രവര്‍ത്തനത്തില്‍ ഇത് 50ാം വര്‍ഷമാണ്. 2001ഒക്ടോബര്‍ ഏഴിനു ഗുജറാത്ത് മുഖ്യമന്ത്രിയായ അദ്ദേഹത്തിന് തുടര്‍ച്ചയായ അധികാരത്തില്‍ ഇത് 24ാം വര്‍ഷമാണ്.