/kalakaumudi/media/media_files/2026/02/12/panimudakku-2026-02-12-08-23-30.jpg)
തിരുവനന്തപുരം: തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് വിവിധ തൊഴിലാളി സംഘടനകള്‍ നടത്തുന്ന ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു. വ്യവസായ - കാര്‍ഷിക - വാണിജ്യ - വ്യാപാര മേഖലകള്‍ പൂര്‍ണമായി നിശ്ചലമാക്കിയാണ് പണിമുടക്ക് തുടരുന്നത്. സംയുക്ത കര്‍ഷകമോര്‍ച്ചയും കര്‍ഷക തൊഴിലാളി സംഘടനകളും സിപിഎം, സിപിഐ അടക്കമുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അവശ്യ മേഖലയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പണിമുടക്കുന്ന ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു.
കെഎസ്ആര്‍ടിസിയിലെ ഇടതു യൂണിയനുകള്‍ പണിമുടക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മിക്കയിടത്തും സര്‍വീസുകള്‍ മുടങ്ങി. സ്വകാര്യബസുകളും നിരത്തിലിറങ്ങിയില്ല. ഓട്ടോ ടാക്‌സി തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. സ്വകാര്യവാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാന്‍ തടസമില്ലെന്നും കഴിയുന്നതും പണിമുടക്കിനോടു സഹകരിക്കണമെന്നും തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കൊച്ചി നഗരത്തില്‍ പണിമുടക്ക് പൂര്‍ണം. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. റോഡുകള്‍ വിജനമാണ്. കൊച്ചി മെട്രോ സര്‍വീസ് നടത്തുന്നു. നഗരത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. അതേസമയം ഭക്ഷണശാലകള്‍ ചിലയിടത്തു തുറന്നിട്ടുണ്ട്. ഓണ്‍ലൈന്‍ ടാക്‌സികളും സ്വകാര്യ വാഹനങ്ങളും രാവിലെ മുതല്‍ നിരത്തിലുണ്ട്. വാഹനങ്ങള്‍ തടയില്ലെന്ന് പണിമുടക്ക് അനുകൂലികള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം തമ്പാനൂരില്‍ സര്‍വീസിനെത്തിയ കെഎസ്ആര്‍ടിസി ബസ്, സമരാനുകൂലികള്‍ തടഞ്ഞു. പാലക്കാട് ചിറ്റൂരില്‍നിന്നും വന്ന ബസ് സ്റ്റാന്‍ഡില്‍ പ്രവേശിച്ചയുടന്‍ മാറ്റി പാര്‍ക്ക് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇനി പണിമുടക്ക് കഴിഞ്ഞ ശേഷമേ ബസ് പുറപ്പെടുകയുള്ളു. ഇവിടെ ബസുകളെല്ലാം സര്‍വീസ് നടത്താതെ നിര്‍ത്തിയിട്ടിരിക്കുകയാണ്. പണിമുടക്കിനു മുന്‍പ് യാത്ര പുറപ്പെട്ട ദീര്‍ഘദൂര ബസുകള്‍ മാത്രമാണ് ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
മെഡിക്കല്‍ കോളജ്, ആര്‍സിസി എന്നിവിടങ്ങളിലേക്ക് ചികിത്സയ്ക്കായി എത്തിയ ഒട്ടേറെ രോഗികള്‍ക്ക് ആശ്വാസമായി പൊലീസ് യാത്രാസൗകര്യം ഒരുക്കി. തമ്പാനൂരിലാണ് ട്രെയിനില്‍ വന്നിറങ്ങിയ രോഗികള്‍ അടക്കമുള്ളവര്‍ക്ക് പൊലീസ് യാത്രാസംവിധാനമൊരുക്കി സഹായമായത്. മെഡിക്കല്‍ കോളജ്, ആര്‍സിസി തുടങ്ങിയ ആശുപത്രികളിലേക്ക് ദൂരെനിന്നും ചികിത്സയ്ക്ക് എത്തിയവരാണ് കുടുങ്ങിയവരില്‍ കൂടുതലും. വിമാനത്താവളത്തില്‍ വന്നിറങ്ങിയവരും വീടുകളിലേക്ക് പോകാന്‍ വാഹനം ലഭിക്കാതെ കുടുങ്ങി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)

